പൂരം കലക്കൽ, എ.ഡി.ജി.പി, പി.ആർ വിവാദം, സീറ്റ് മാറ്റപ്പെട്ട അൻവർ; ഇനി പോര് നിയമസഭയിൽ, സമ്മേളനം ഇന്ന് മുതൽ

തിരുവനന്തപുരം: വിവാദങ്ങൾ കത്തിനിൽക്കേ പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് ഇന്ന് സഭ പിരിയും. ഒമ്പത് മണിക്ക് സഭ തുടങ്ങും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മറ്റ് കക്ഷി നേതാക്കൾ എന്നിവരെല്ലാം സംസാരിച്ച് പിരിയും. കേന്ദ്രസഹായം ലഭിച്ചിട്ടില്ലെന്ന വാദം ഭരണകക്ഷി സഭയിലുന്നയിച്ചേക്കും. എന്നാൽ സർക്കാറിന്‍റെ പെരുപ്പിച്ച കണക്ക് പ്രതിപക്ഷം വീണ്ടും ഉയർത്തിക്കാണിക്കാൻ സാധ്യതയുണ്ട്.

തിങ്കളാഴ്ച വീണ്ടും സമ്മേളിക്കുമ്പോൾ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ ഉയരുന്ന വിവാദങ്ങളാൽ സഭ ശബ്ദമുഖരിതാമാകും. പാർട്ടി വിട്ട എം.എൽ.എ പി.വി. അൻവറിന്‍റെ സീറ്റ് മാറ്റം കൊണ്ടും ഈ സമ്മേളന കാലം ശ്രദ്ധേയമാകും. സിയമസഭയിലെ ഇരിപ്പിടം മാറ്റിയെങ്കിലും അൻവർ ആദ്യദിവസം സമ്മേളനത്തിന് എത്തിയേക്കില്ല. കഴിഞ്ഞ ദിവസത്തെ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും സഭയിൽ പ്രതിപക്ഷമുന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടിവരും. പാർലമെന്‍ററി പാർട്ടി യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചയുണ്ടാകും.

തൃശൂർപൂരം കലക്കൽ, എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങൾ, സ്വർണം പൊട്ടിക്കൽ ആരോപണം, പി.ആർ ഏജൻസി വിവാദം തുടങ്ങി കഴിഞ്ഞ രണ്ടാഴ്ചക്കിടെ തന്നെ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി വിവാദങ്ങൾ കത്തിനിൽക്കെയാണ് നിയമസഭാ സമ്മേളനം. വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമിടാത്ത വിഭാഗത്തിലേക്ക് മാറ്റിയെന്ന പ്രതിപക്ഷ ആരോപണവും സഭയെ പ്രക്ഷുബ്ധമാക്കും.

വിവാദങ്ങൾ ചോദ്യംചെയ്യുമെന്നു തന്നെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിനു ശേഷം പ്രതിപക്ഷ നേതാവ് നൽകിയ പ്രതികരണത്തിലും വ്യക്തമാകുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് ചിരിക്കുകയല്ല വേണ്ടത്, മറുപടി പറയണം. സെപ്റ്റംബര്‍ 13-ന് വേറൊരു പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് മുഴുവന്‍ ഒരു വാര്‍ത്ത കൊടുക്കുന്നു. ആ വാര്‍ത്തയില്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി കേരളത്തില്‍, മലപ്പുറം ജില്ലയില്‍ നടത്തുന്ന സ്വര്‍ണക്കള്ളക്കടത്തിന്റെയും ഹവാലയുടേയും വിവരങ്ങളാണ്.

21ന് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നു, അതില്‍ മൂന്നുകൊല്ലത്തെ കണക്കുകള്‍ പറയുന്നു. മലപ്പുറമെന്ന് പറയുന്നില്ല. വീണ്ടും ഇപ്പോള്‍ 29-ാം തീയതി ഹിന്ദുവിന് കൊടുത്ത ഇന്റര്‍വ്യൂവിലും സ്വര്‍ണത്തിന്റെ അതേ കണക്ക്. എന്നിട്ട് മലപ്പുറത്തിന്റെ കാര്യം രണ്ടാമത് എഴുതിക്കൊടുക്കുന്നു. ഇതെല്ലാം ഒരു സ്ഥലത്ത് തയ്യാറാക്കിയതാണ്. സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ തയാറാക്കിയ സ്‌ക്രിപ്റ്റാണത്. മലയാളികളെ ഇങ്ങനെ വിഡ്ഢികളാക്കരുത്. ഇത്തരം നുണകള്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ചുറ്റും നില്‍ക്കുന്നവരോട് പറഞ്ഞാല്‍ മതിയെന്നും വി.ഡി.സതീശന്‍ തുറന്നടിച്ചു.

News Summary - Assembly Session to be start on Friday amid controversies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.