‘അർജുനെ കിട്ടിയാൽ സമാധാനമുണ്ടാകുമെന്ന് കരുതി, എന്നാൽ അതുണ്ടായില്ല’; മാധ്യമങ്ങൾക്കു മുന്നിൽ വിതുമ്പി മനാഫ്

കോഴിക്കോട്: താൻ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടാലും അർജുന്‍റെ കുടുംബത്തോടൊപ്പം നിൽക്കുമെന്നും ഷിരൂരിലെ മണ്ണിടിച്ചിലിൽപ്പെട്ട ലോറിയുടെ ഉടമ മനാഫ്. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും കേസിൽ പ്രതി ചേർത്തതിൽ വലിയ മാനസിക സംഘർഷത്തിലാണെന്നും മനാഫ് പറഞ്ഞു. സൈബർ ആക്രമണത്തിൽ അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ തനിക്കെതിരെ കേസെടുത്തതിലായിരുന്നു മനാഫിന്‍റെ പ്രതികരണം. കേസിനെ എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മനാഫിന്‍റെ മറുപടി.

“മതങ്ങളെ തമ്മിലടിപ്പിക്കുന്ന ഒരു കാര്യവും ചെയ്യില്ല. മതങ്ങളെ കൂട്ടിയോജിപ്പിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. ഇന്നലെ വാർത്ത സമ്മേളനം നടത്തിയപ്പോഴും എന്‍റെ ഭാഗത്തുനിന്ന് അറിയാതെ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കിൽ അതിന് മാപ്പു പറഞ്ഞതാണ്. എന്നിട്ടും അവര് കേസു കൊടുത്തെങ്കിൽ എന്താ ചെയ്യാ? അവരെ ആക്രമിക്കുന്ന രീതിയിലോ അധിക്ഷേപിക്കുന്നതോ ആയ കമന്‍റ് ഇടരുത് എന്നു തന്നെയാണ് പൊതുസമൂഹത്തോട് പറഞ്ഞിട്ടുള്ളത്. എന്‍റെ ഫോണിലേക്ക് ഒരുപാട് കാൾ വരുന്നുണ്ട്. അനാവശ്യമായി വിളിക്കരുത് എന്നാണ് എല്ലാവരോടും പറയാനുള്ളത്.

ജനവികാരം എങ്ങനെയാണെന്ന് എനിക്കറിയില്ല. കഴിയുംപോലെ എല്ലാവരോടും അഭ്യർഥിച്ചിട്ടുണ്ട്. ഇന്നലത്തെ പത്രസമ്മേളനത്തോടെ എല്ലാം അവസാനിപ്പിച്ചതാണ്. ഞാനിപ്പോഴും അവർക്ക് അനുകൂലമായാണ് സംസാരിക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ടാലും അവർക്കൊപ്പം നിൽക്കും. അർജുനെ പുഴയിൽനിന്ന് കിട്ടിയാൽ സമാധാനമുണ്ടാകുമെന്ന് കരുതി, എന്നാൽ അതുണ്ടായില്ല. കേസെടുത്തതിൽ സങ്കടമുണ്ട്. എന്നാൽ ആരാണ്, എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല” -മനാഫ് പറഞ്ഞു.

Full View

അർജുന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ, സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയതിനും കലാപ ശ്രമത്തിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ കുടുംബത്തിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് സൈബർ അധിക്ഷേപം നേരിടുന്നതായി കാണിച്ച് കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. നീചമായ സൈബർ ആക്രമണം നടക്കുന്നുവെന്നും ഇതിൽ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

Full View

ഒരു ലക്ഷത്തിലേറെ വിദ്വേഷ കമന്‍റ് ഒരു ദിവസം വരുന്നുവെന്നും മാനാഫിന്‍റെ പേര് ഉൾപ്പെടെ പരാമർശിക്കുന്ന പരാതിയിൽ പറയുന്നു. പരാതി പിന്നീട് മെഡിക്കൽ കോളജ് എ.സി.പിക്ക് കൈമാറി. ഇതു പ്രകാരം ചേവായൂർ പൊലീസിന് കേസെടുക്കാൻ നിർദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുടുംബം മനാഫിനെതിരെ വാർത്ത സമ്മേളനം നടത്തിയതോടെയാണ് രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടിവന്നത്. വർഗീയമായ പ്രചാരണങ്ങൾ ഉൾപ്പെടെ ഉണ്ടായി. നേരത്തെ ഷിരൂരിലെ തിരച്ചിലുമായി ബന്ധപ്പെട്ട് അർജുന്‍റെ അമ്മയുടെ പരാമർശത്തിനു പിന്നാലെ സൈബർ ആക്രമണം ഉണ്ടായിരുന്നു.

Tags:    
News Summary - Manaf response on Arjun family's complaint against him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.