അർജുന്‍റെ കുടുംബം നടത്തിയ വാർത്ത സമ്മേളനം, മനാഫ്

അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം: മനാഫ് അടക്കമുള്ളവർക്കെതിരെ കേസ്

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്‍റെ കുടുംബം സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ് ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്തു. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയതിനും കലാപ ശ്രമത്തിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ കുടുംബത്തിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസമാണ് സൈബർ അധിക്ഷേപം നേരിടുന്നതായി കാണിച്ച് കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. നീചമായ സൈബർ ആക്രമണം നടക്കുന്നുവെന്നും ഇതിൽ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഒരു ലക്ഷത്തിലേറെ വിദ്വേഷ കമന്‍റ് ഒരു ദിവസം വരുന്നുവെന്നും മാനാഫിന്‍റെ പേര് ഉൾപ്പെടെ പരാമർശിക്കുന്ന പരാതിയിൽ പറയുന്നു. പരാതി പിന്നീട് മെഡിക്കൽ കോളജ് എ.സി.പിക്ക് കൈമാറി. ഇതു പ്രകാരം ചേവായൂർ പൊലീസിന് കേസെടുക്കാൻ നിർദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കുടുംബം മനാഫിനെതിരെ വാർത്ത സമ്മേളനം നടത്തിയതോടെയാണ് രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടിവന്നത്. വർഗീയമായ പ്രചാരണങ്ങൾ ഉൾപ്പെടെ ഉണ്ടായി. നേരത്തെ ഷിരൂരിലെ തിരച്ചിലുമായി ബന്ധപ്പെട്ട് അർജുന്‍റെ അമ്മയുടെ പരാമർശത്തിനു പിന്നാലെ സൈബർ ആക്രമണം ഉണ്ടായിരുന്നു. എന്നാൽ അതിലും വലിയ ആക്രമണമാണ് നിലവിൽ നേരിടുന്നതെന്ന് പരാതിയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ അർജുന്‍റെ കുടുംബത്തിനെതിരെ പ്രചാരണം നടത്തിയ പ്രൊഫൈലുകളും ഗ്രൂപ്പുകളും ഉൾപ്പെടെ സൈബർ പൊലീസ് പരിശോധിക്കും.

അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും വാർത്ത സമ്മേളനത്തിൽ കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. രണ്ടാംഘട്ടം കഴിഞ്ഞപ്പോൾ മനാഫ് യൂട്യൂബ് ചാനലുണ്ടാക്കി. അർജുന്‍റെയും കുടുംബത്തിന്‍റെയും പേരുപറഞ്ഞുള്ള പ്രചാരണം നിർത്തണം. ഇല്ലെങ്കിൽ മനാഫിനെതിരെ നിയമനടപടി സ്വീകരിക്കും. 

അർജുന്‍റെ കുട്ടിയെ വളർത്തുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് ചോദിച്ച കുടുംബം സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുതെന്ന് ആവശ്യപ്പെട്ടു. പൊതുസമൂഹത്തിനു മുന്നിൽ കുടുംബത്തെ പരിഹാസ്യരാക്കരുതെന്നും കുടുംബം അഭ്യർഥിച്ചു. എന്നാൽ ആരോപണങ്ങൾ തള്ളിയ മനാഫ്, താൻ അർജുന്‍റെ പേരിൽ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കല്ലെറിഞ്ഞു കൊല്ലാമെന്നും പ്രതികരിച്ചു.

Tags:    
News Summary - Cyber attack against Arjun's family; case against manaf and others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.