കൊച്ചി: പരസഹായം ആവശ്യമുള്ള കിടപ്പുരോഗികളെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്കായി നൽകുന്ന ആശ്വാസകിരണം ധനസഹായ വിതരണം നിലച്ചിട്ട് മാസങ്ങൾ. ഒന്നര വർഷത്തെ കുടിശ്ശികയെങ്കിലും വിതരണം ചെയ്യാനുണ്ട്. എന്നാൽ, 20 മാസത്തെയും അതിലേറെയും തുക കിട്ടാത്തവരും നിരവധിയാണ്.
സാമൂഹിക സുരക്ഷ മിഷനു കീഴിൽ 1.13 ലക്ഷത്തിലേറെ പേർക്കാണ് പ്രതിമാസം 600 രൂപ വീതം ആശ്വാസകിരണം ധനസഹായം നൽകുന്നത്. 2020 ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ തുകയാണ് ഏറ്റവുമൊടുവിൽ വിതരണം ചെയ്തത്. 125 കോടിയോളം രൂപയുടെ കുടിശ്ശികയുണ്ടായിട്ടും ഇതുകൊടുത്തു തീർക്കാൻ ഇത്തവണത്തെ ബജറ്റിൽ ഒരു രൂപപോലും നീക്കിവെച്ചിട്ടില്ലെന്ന പ്രതിഷേധവും ഇവർ പങ്കുവെക്കുന്നുണ്ട്. സാമൂഹിക സുരക്ഷയും ക്ഷേമവും എന്ന മേഖലയിൽ വിവിധ വകുപ്പുകൾക്കും ഏജൻസികൾക്കുമായി ആകെ 679.92 കോടി നീക്കിവെക്കുന്നുവെന്നു മാത്രമാണ് 'സാമൂഹിക ക്ഷേമം' സംബന്ധിച്ച് ബജറ്റ് പരാമർശമുള്ളത്. എന്നാൽ, ഇത് ആശ്വാസകിരണം കൂടാതെ സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കും ക്ഷേമപെൻഷനുകൾക്കും ആനുകൂല്യങ്ങൾക്കുമായി ആകെയുള്ള ഫണ്ടാണ്. ഭിന്നശേഷി പെൻഷൻ വർധന, ഭിന്നശേഷിക്കാർക്ക് എല്ലാ ജില്ലയിലും ആവശ്യമായ സമഗ്ര പുനരധിവാസ കേന്ദ്രങ്ങൾ തുടങ്ങിയവയെ കുറിച്ചൊന്നും ഈ ബജറ്റിലില്ല. കഴിഞ്ഞ ബജറ്റിൽ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പദ്ധതികളേറെ പ്രഖ്യാപിക്കപ്പെട്ടിരുന്നു.
ഫണ്ടില്ലാത്തതിനാലാണ് തുക വിതരണം ഇടക്കിടെ മുടങ്ങുന്നത്. ആയിരക്കണക്കിന് ആശ്വാസകിരണം അപേക്ഷകൾ തീർപ്പുകൽപിക്കാതെ ഫയലുകളിൽ വിശ്രമിക്കുകയാണ്. ഇക്കൂട്ടത്തിൽ അർഹമായ ആനുകൂല്യം കിട്ടാതെ മരിച്ചുവരുമുണ്ട്. കുടിശ്ശിക അടിയന്തരമായി കൊടുത്തുതീർക്കണമെന്ന് ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്‍റെ സംസ്ഥാന പ്രസിഡൻറ് എം.പി. കരുണാകരൻ, ജനറൽ സെക്രട്ടറി ആർ. വിശ്വനാഥൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.