തിരുവനന്തപുരം: അവർണയായ പഞ്ചമി കടന്നുവന്നതിെൻറ പേരിൽ അഗ്നിക്കിരയായ പള്ളിക്കൂടമുറ്റത്ത് പിൻതലമുറക്കാരി ആതിരയെ ആദ്യക്ഷരലോകത്തേക്ക് ആനയിക്കാനെത്തിയത് വിദ്യാഭ്യാസമന്ത്രിയും മറ്റ് ജനപ്രതിനിധികളും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പെങ്കടുത്ത സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യശ്രദ്ധാകേന്ദ്രവും വി.ഐ.പിയുമായതും അഞ്ച് വയസ്സുകാരി ആതിരയായിരുന്നു. ഒന്നാംക്ലാസിൽ പ്രവേശനംനേടി ഉൗരൂട്ടമ്പലം ഗവ. യു.പി സ്കൂളിൽ അമ്മയോടൊപ്പമെത്തിയ ആതിരയെ അക്ഷര തൊപ്പിയണിയിച്ച് ഞാവൽപഴം നുണയാൻ നൽകി പഞ്ചവാദ്യത്തിെൻറ അകമ്പടിയോടെ വിദ്യാഭ്യാസമന്ത്രിയും എം.പിയും എം.എൽ.എയും പൗരപ്രമുഖരും അധ്യാപകരും നാട്ടുകാരും ചേർന്ന് ക്ലാസിലേക്ക് ആനയിച്ചു.
ഒരുനൂറ്റാണ്ട് മുമ്പ് തെൻറ മുൻതലമുറക്കാരിയായ പഞ്ചമി എന്ന എട്ട് വയസ്സുകാരിക്ക് ഈ സ്കൂളിൽ അധികൃതർ പ്രവേശനംനിഷേധിച്ചതും കുടിപ്പള്ളിക്കൂടം തന്നെ അന്നത്തെ സവർണർ തീയിട്ട് നശിപ്പിച്ചതുമൊന്നും ആതിരക്കറിയില്ല. അയ്യങ്കാളി കൈപിടിച്ച് പഞ്ചമിയെ സ്കൂളിലെത്തിച്ച ദിവസം രാത്രി സവർണർ സ്കൂൾ തീയിടുകയായിരുന്നു. അതിൽ അവശേഷിച്ച ബെഞ്ച് സ്കൂളിൽ ഇപ്പോൾ സ്മാരകമായി സംരക്ഷിച്ചിട്ടുണ്ട്.
അയിത്തത്തിനും സവർണ മേൽക്കോയ്മക്കും ഒടുവിൽ ചരിത്രം ആതിരയിലൂടെ അർഹിക്കുന്ന മറുപടി നൽകുകയായിരുന്നു. മന്ത്രിക്കൊപ്പം ഒന്നാം ക്ലാസിലെത്തിയ ആതിരയും പുത്തൻകൂട്ടുകാരും ചുറ്റിലും ആൾക്കൂട്ടവും ചാനൽ കാമറകളുമൊക്കെ കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് മെരുങ്ങി.- വിദ്യാഭ്യാസമന്ത്രി പ്രഫ. രവീന്ദ്രനാഥിെൻറ കഥയും ആസ്വദിച്ച് അവർ സ്കൂൾ പരിസരം പരിചയിച്ചു. ആദ്യദിനമാകയാൽ ഒപ്പമുണ്ടായിരുന്ന അമ്മമാർ അവർക്ക് ആശ്വാസവുമായി. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് പുറപ്പെട്ടതോടെ ആതിരയെ മാധ്യമപ്പട വളഞ്ഞു. മുൻഗാമി പഞ്ചമി ഇരുന്ന ബഞ്ച് ചരിത്രസ്മാരകമാക്കിയതിന് മുന്നിലും ആതിരയും അമ്മയുമെത്തി. ആതിരയുടെ അമ്മ ദീപ്തിയുടെ പിതാവ് ജോൺസെൻറ മുത്തശ്ശിയാണ് പഞ്ചമി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.