ചാലക്കുടി, വാഴച്ചാല്‍ ഡിവിഷനുകളില്‍ കാട്ടൂതീ; നാട്ടുകാരുടെ സഹായം തേടി വനംവകുപ്പ്

അതിരപ്പിള്ളി: ചാലക്കുടി, വാഴച്ചാല്‍ വനംഡിവിഷനുകളില്‍ കാട്ടുതീ. അതിരപ്പിള്ളി പിള്ളപ്പാറയിലെ തീയണക്കാൻ വനംവകുപ്പ് നാട്ടുകാരുടെ സഹായം തേടി. അറുപതംഗ സംഘം തീയണക്കാൻ കാട്ടിലെത്തിയിട്ടുണ്ട്. 35 ഹെക്ടർ വനഭൂമിയാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നത്. അതിരപ്പിള്ളി റേഞ്ചില്‍ 30ഉം ചാലക്കുടി ഡിവിഷനില്‍ അഞ്ചും ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്. വാഴച്ചാലില്‍ പുഴയ്ക്കക്കരെ വടപ്പാറ മേഖലയില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി വൻതീപിടിത്തമുണ്ടായിരുന്നു. 70 ഓളം വാച്ചര്‍മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീ കെടുത്തിയത്. പൂർണമായും അണക്കാനായില്ലെന്നാണ് അറിയുന്നത്. മുളങ്കൂട്ടങ്ങളിൽ അവശേഷിക്കുന്ന കനൽ വീണ്ടും തീപിടിത്തത്തിന് വഴിയൊരുക്കിയേക്കാം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചാലക്കുടി ഡിവിഷനില്‍ വനത്തിന് തീപിടിച്ചത്. 

വേനല്‍ച്ചൂട് നീളുന്നതോടെ വനമേഖലയില്‍ പലയിടങ്ങളിലും കാട്ടുതീ ഭീഷണി നിലനില്‍ക്കുകയാണ്. ചൂട് വര്‍ധിച്ചതോടെ കാട്ടിലെ മരങ്ങളില്‍നിന്ന് ഇലകള്‍ കൊഴിഞ്ഞ് അടിഞ്ഞുകൂടുന്നതും അടിക്കാട്​ ഉണങ്ങിനില്‍ക്കുന്നതും തീപിടിത്തത്തിനിടയാക്കുന്നു. വിനോദസഞ്ചാര മേഖലയായതിനാല്‍ കാട്ടിനുള്ളിലേക്ക് സാഹസപ്രിയരായവർ അനധികൃതമായി പ്രവേശിക്കുന്നത് അപകടത്തിന് കാരണമാണ്. പുകവലിക്കുന്നവർ കെടുത്താത്ത സിഗരറ്റും മറ്റും ഉപേക്ഷിക്കുന്നതും തീപിടിത്തത്തിന് വഴിയൊരുക്കും. അതേസമയം, ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകളില്‍ ട്രക്കിങ് നേരത്തെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പ്ലാ​േൻറഷന്‍ കോർപറേഷ​​​​െൻറ തോട്ടങ്ങളിലെത്തുന്ന വിനോദസഞ്ചാരികള്‍ വനത്തില്‍ ട്രക്കിങ് നടത്തുന്നുണ്ട്. ഇതും വനത്തിനുള്ളിലായതിനാല്‍ ഇവിടത്തെ ട്രക്കിങ്ങിനെതിരെ വനം വകുപ്പ് കോർപറേഷന് നോട്ടീസ് നല്‍കിയിരുന്നു. ജില്ലയില്‍ പീച്ചിയില്‍ മാത്രമേ വനം വകുപ്പ് ട്രക്കിങ് അനുവദിക്കുന്നുള്ളൂ.

വനമേഖയില്‍ കാട്ടുതീയുണ്ടായാല്‍ ഫലപ്രദമായി അണയ്ക്കാന്‍ വെള്ളം എത്തിക്കാനുള്ള മാര്‍ഗമില്ലാത്തതാണ് പ്രധാന പ്രശ്‌നം. കൂടാതെ ചെങ്കുത്തായി ഉയര്‍ന്നതും പാറക്കെട്ടുകള്‍ നിറഞ്ഞതുമായ വനപ്രദേശം തീയണക്കുന്നതിന് പ്രതിബന്ധമാവുകയും ചെയ്യും. കാട്ടിലെ ഉണങ്ങിയ പുല്‍പടര്‍പ്പുകളും ചെറുസസ്യങ്ങളും അടങ്ങുന്ന അടിക്കാടുകളില്‍ തീ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നത് തടയുക എളുപ്പമല്ല. അതോടൊപ്പം ഉണങ്ങിയ വന്‍മരങ്ങളിലും തീപടര്‍ന്നു പിടിക്കുന്നു. ഇത് ദിവസങ്ങളോളം അണയാതെ പുകയുന്നത് വീണ്ടും തീ പിടിക്കുന്നതിന് ഇടയാക്കുന്നു. ഫയര്‍എൻജിന്‍പോലുള്ള ആധുനിക സംവിധാനം കൊണ്ടു മാത്രമെ ഇത് പൂര്‍ണമായും സാധ്യമാകൂ. 

കാട്ടില്‍ ഇത് എത്തിക്കുക വളരെ പ്രയാസമാണ്. കാട്ടുതീയും അതി​​​​െൻറ പുകയും കരിയുമെല്ലാം അവിടത്തെ വന്യജീവികള്‍ക്ക് അപകടകരമായി മാറുന്നു. ഉരഗങ്ങൾ, മ്ലാവ്, മാന്‍, കാട്ടുപന്നി, പക്ഷികള്‍ എന്നിവയെല്ലാം ഭാഗികമായി ചത്തൊടുങ്ങാറുണ്ട്. കാട്ടുതീ ഉണ്ടായാല്‍ അത് കൂടുതല്‍ പ്രദേശത്തേക്ക് ആളിപ്പടരുന്നത് തടയാനാണ് വനപാലകര്‍ കൂടുതല്‍ ശ്രദ്ധിക്കുക. മുന്‍കരുതലായി അടിക്കാടുകളും കരയിലക്കൂട്ടങ്ങളും മാറ്റി പ്രതിരോധിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. തീപിടിത്തമുണ്ടാകുന്നത് തടയാന്‍ ഫയര്‍ലൈന്‍ പണികള്‍ രണ്ട് ഡിവിഷനുകളിലും ജനുവരി മാസം അവസാനത്തോടെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. വാഴച്ചാല്‍ മേഖലയില്‍ പ്ലാ​േൻറഷനുകളില്‍ അടക്കം 180 കി.മീ ദൂരമാണ് ഫയര്‍ലൈന്‍ നിർമിച്ചത്. ചാലക്കുടി വനംവകുപ്പ് ഡിവിഷന്​ കീഴില്‍ പരിയാരം, പാലപ്പിള്ളി, വെള്ളിക്കുളങ്ങര റേഞ്ചുകളില്‍ 21 കിലോ മീറ്ററുകളിലധികം ദൂരമാണ് ഫയര്‍ലൈന്‍  തീര്‍ത്തിട്ടുള്ളത്.

Tags:    
News Summary - athirapally forest fire -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.