പാലാ ബിഷപ്പിന്‍റെ പ്രസ്താവന സമൂഹത്തിൽ സ്പർധയുണ്ടാക്കാനുള്ള ശ്രമമാണെന്ന് അതിരൂപത സംരക്ഷണ സമിതി വക്താവ് ഷൈജു ആന്‍റണി. ലൗ ജിഹാദ് പൊളിഞ്ഞപ്പോൾ ക്രിസംഘികൾക്ക് പുതിയ ഒരൂ ചൂണ്ടയിട്ട് കൊടുക്കുകയാണ് ബിഷപ്പ് ചെയ്യുന്നതെന്നും ഷൈജു ആന്‍റണി കുറ്റപ്പെടുത്തി. ഇനി ഇതിൽ പിടിച്ച് കയറിക്കോ എന്ന് പറഞ്ഞാണ് ചൂണ്ടയിട്ട് കൊടുക്കുന്നത്.
കേരളത്തിൽ ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ഗുരുതര ആരോപണവുമായി പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷൈജു ആന്‍റണിയുടെ പ്രതികരണം.
പക്ഷെ അങ്ങനെയൊരു സാധനം ഇട്ട് കൊടുത്തിട്ടും അധികാരത്തിലിരിക്കുന്ന സർക്കാർ മിണ്ടാതിരിക്കുന്നതാണ് ഏറ്റവും വലിയ അപകടം. സമൂഹത്തിൽ സ്പർധ ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് വ്യക്തമായ ബോധ്യമുണ്ട്. അദ്ദേഹത്തിനെതിരെ സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് കേസ് കൊടുക്കുകയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയുമാണ് വേണ്ടത്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ വിശ്വാസികൾ രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവന ബിഷപ്പ് നടത്തിയതെന്ന് അറിയില്ല. കേസ് എടുത്ത് അദ്ദേഹത്തോട് തന്നെ തെളിവുകൾ ചോദിക്കുകയാണ് ചെയ്യേണ്ടത്. നാർക്കോട്ടിക് ജിഹാദുണ്ടെന്ന് കല്ലറക്കാട്ട് പിതാവ് പറയുകയാണെങ്കിൽ പിതാവിന്‍റെ കൈയിൽ തെളിവുകൾ ഉണ്ടാകുമല്ലോ. ഇത്തരമൊരു ഗുരുതര ആരോപണം ഉന്നയിക്കും മുമ്പ് ഏറ്റവും ആദ്യം അദ്ദേഹം ചെയ്യേണ്ടിയിരുന്നത് ഇതിനെതിരെ കേസ് കൊടുക്കുകയും തെളിവ് സർക്കാർ ഏജൻസികൾക്ക് മുന്നിൽ ഹാജരാക്കുകയുമാണ്.
അല്ലാതെ വിശ്വാസികളെ പേടിപ്പിക്കുകയല്ല ചെയ്യേണ്ടിയിരുന്നത്. അദ്ദേഹത്തിന്‍റെ കൈയിൽ വസ്തുതകൾ ഇല്ലാത്തതുകൊണ്ടാണ് ഞാൻ കേസ് കൊടുക്കാൻ പറഞ്ഞത്. മുമ്പ് ലൗജിഹാദിനെതിരെ കെ.സി.ബി.സി രംഗത്ത് വന്നപ്പോൾ കൂടുതൽ വിവരങ്ങൾ ചോദിച്ച് സമീപിച്ചെങ്കിലും ഇന്നുവരെ നൽകിയിട്ടില്ലെന്നും ഷൈജു ആന്‍റണി പറഞ്ഞു.
ഏകീകരിച്ച ആരാധനാക്രമത്തിനെതിരെ ശക്തമായ അമർഷത്തിലാണ് വിശ്വാസികൾ. ഈ സമയത്ത് മറ്റൊരു സാധനം ഇട്ടു കൊടുക്കുകയാണ്. ഇനി ഇതിനെ കുറിച്ച് ചർച്ച ചെയ്തോളും. മുസ്ലീമും ക്രിസ്ത്യാനിയും തമ്മിൽ അടിക്കുന്ന ചർച്ചയിൽ ക്രിസ്ത്യാനികൾ ഒരുമിച്ച് നിൽക്കണമെന്ന് പറയും. അതിനുള്ള ശ്രമമാണ് ബിഷപ്പ് നടത്തുന്നത്. ഇനി ഇദ്ദേഹത്തിന് അനുകൂലമായ പ്രസ്താവനകളുമായി അൽമായ സംഘടനകളും ക്രൈസ്തവ സഭയിലെ ക്രിസംഘികളും രംഗത്ത് വരാനാണ് സാധ്യതയെന്നും ഷൈജു ആന്‍റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.