കൊച്ചി/തൃശൂർ: കൊരട്ടിയിലും ഇരുമ്പനത്തും എ.ടി.എം കവര്‍ച്ച നടത്തി സംസ്ഥാനം വിട്ട കവർച്ചസംഘം സെക്കന്ദരാബാദിലെത്തിയതായി സൂചന. സംഘത്തിലുള്ളവരെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ സെക്കന്ദരാബാദ് പൊലീസ് കേരള പൊലീസിന് കൈമാറി. ചാലക്കുടി ഹൈസ്കൂളിന് സമീപത്തുനിന്ന് കിട്ടിയ സി.സി.ടി.വി ദൃശ്യങ്ങളിലെ ഏഴംഗ സംഘത്തോട് മുഖസാദൃശ്യമുള്ളവരാണ് പുതിയ ദൃശ്യങ്ങളിലുള്ളത്. ചാലക്കുടിയിലെ ദൃശ്യങ്ങൾ കണ്ട ഒരാളാണ് ഇവരോട് സാദൃശ്യം തോന്നുന്നവരെ സെക്കന്ദരാബാദിൽ കണ്ടതായി പൊലീസിനെ അറിയിച്ചത്. സെക്കന്ദരാബാദിലെ ഒരു തുണിക്കടയിൽ ജീൻസ് പരിശോധിക്കുന്ന യുവാക്കളാണ് പൊലീസിന് ലഭിച്ച ദൃശ്യങ്ങളിലുള്ളത്.
അതേസമയം, ദൃശ്യങ്ങൾ കവർച്ചസംഘത്തിേൻറതല്ലെന്നും കവർച്ചക്കു പിന്നിൽ ബിഹാറികളാണെന്നുമുള്ള വിലയിരുത്തലിലാണ് കേരള പൊലീസ്. മൂന്നുപേരാണ് പ്രധാനമായും കവർച്ച നടത്തിയത്. ഇവരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽനിന്ന് ലഭിച്ചതനുസരിച്ച് ഇവർ ഉൾപ്പെട്ട മറ്റ് കേസുകൾ ദൃശ്യങ്ങളുപയോഗിച്ച് പരിശോധിക്കുകയാണ്. സംഘത്തിലെ ഒരാള്‍ ഒരുവര്‍ഷം മുമ്പ് അങ്കമാലിയിലെ എ.ടി.എം കൗണ്ടറില്‍നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതിയാണെന്ന് സംശയിക്കുന്നു. സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലെ മുഖസാദൃശ്യമാണ് കാരണം. ബിഹാറി സംഘമാെണന്ന് സംശയിക്കാൻ കാരണമിതാണ്. അങ്കമാലി കേസില്‍ ബിഹാറുകാരായ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇവര്‍ മുങ്ങി.
അതിനിടെ പൊലീസ് സൈബർ ഡോമിെൻറ സഹായത്തോടെ പ്രതികൾ സഞ്ചരിച്ച വഴികളിലെ ഫോൺ വിശദാംശങ്ങൾ ശേഖരിച്ച് പരിശോധിക്കുകയാണ്. മോഷ്ടാക്കൾക്ക് പ്രാദേശികസഹായം ലഭ്യമായിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. റൂട്ട് അറിയാവുന്ന ആൾ ഒപ്പമില്ലാതെ ഈ സ്ഥലങ്ങളിൽ കവർച്ച സാധ്യമല്ലെന്ന് തൃക്കാക്കര അസി. കമീഷണർ പി.പി. ഷംസ് ‘മാധ്യമ’ത്തോട് പറഞ്ഞു. നാലുമാസം മുമ്പേ പ്രതികള്‍ മധ്യകേരളത്തില്‍ സഞ്ചരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ രക്ഷപ്പെട്ടെന്ന് കരുതുന്ന ആലപ്പി, ധന്‍ബാദ് എക്സ്പ്രസ് ട്രെയിന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ പൊലീസിന് വിവരങ്ങള്‍ കൈമാറിയെങ്കിലും കേസിൽ തുെമ്പാന്നും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.