തിരുവനന്തപുരം: സ്വകാര്യകമ്പനികൾക്ക് വേണ്ടി ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ച ഫോർട്ടിഫൈഡ് (സമ്പുഷ്ടീകരിച്ച) ആട്ട പദ്ധതിക്ക് വീണ്ടും ജീവൻവെക്കുന്നു. ജൂലൈ മുതൽ സംസ്ഥാനത്തെ റേഷൻകടകൾ വഴി ഇതും വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭക്ഷ്യവകുപ്പിന് നിർദേശംനൽകി.
ഭക്ഷ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാനത്ത് ഫോർട്ടിഫൈഡ് ആട്ട വിതരണംനിലച്ചെന്ന ‘മാധ്യമം’ വാർത്തകളെ തുടർന്നാണ് നടപടി. സംസ്ഥാനത്ത് ഒമ്പത് വർഷമായി നടന്നുവന്ന ജനകീയപദ്ധതിയാണ് ആറുമാസമായി നിലച്ചത്. ഇതോടെ ചില്ലറ വിപണിയിൽ നിലവിൽ ആട്ടയുടെ വില 47-52 രൂപ വരെയെത്തി.
പഴയ ബി.പി.എൽ വിഭാഗത്തിന് ഏഴ് കിലോ ഗോതമ്പാണ് കേന്ദ്രം സൗജന്യമായി വിതരണംചെയ്തിരുന്നത്. ഈ ആനുകൂല്യം ഇവർ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ, എ.പി.എല്ലിൽ നല്ലൊരു ശതമാനവും അവർക്കർഹമായ രണ്ടുകിലോ ഗോതമ്പ് വാങ്ങാറില്ല. ഇതിൽ നല്ലൊരു ശതമാനവും കരിഞ്ചന്തയിലാണ് എത്തിയിരുന്നത്. ഈ വെട്ടിപ്പ് തടയുന്നതിനായാണ് സമ്പുഷ്ടീകരിച്ച ആട്ട പദ്ധതി മുൻ സർക്കാറുകളുടെ കാലത്ത് കൃത്യമായി നടപ്പാക്കിവന്നത്.
നിലവിൽ മുൻഗണനേതര വിഭാഗത്തിന് മാത്രമായിരിക്കും രണ്ട് കിലോ ആട്ട ലഭിക്കുക. മുൻഗണനവിഭാഗത്തിന് ആട്ട നൽകുന്നത് സംബന്ധിച്ച തീരുമാനം കാബിനറ്റിെൻറ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.