കൊച്ചി: ആക്രമിച്ച് കവർച്ച നടത്തിയയാളിൽ നിന്ന് രക്ഷപ്പെടാൻ യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പ്രാണരക്ഷാർഥം ചാടിയ സംഭവത്തിൽ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന്റെ ലുക്ക്ഔട്ട് നോട്ടീസ് ആണ് പൊലീസും റെയിൽവേയും പുറത്തിറക്കിയത്.
പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഏഴു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നത്. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തിന് റെയിൽവേ പൊലീസ് രൂപം നൽകിയിട്ടുണ്ട്.
പ്രതിയുടെ ചിത്രം സഹിതമുള്ള അറിയിപ്പ് റെയിൽേവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്. ഇയാളുടെ ഒരു കണ്ണ് ഭാഗികമായി കേടായതിനാൽ പൂർണമായി തുറക്കാൻ കഴിയാത്ത നിലയിലാണെന്നതാണ് അവർ നൽകുന്ന പ്രധാന അടയാളം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ റെയിൽേവ പൊലീസിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.
ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫിസിലാണ് മുളന്തുരുത്തി കാരിക്കോട് കാര്‍ത്യായനി ഭവനില്‍ രാഹുൽ സദാനന്ദന്റെ ഭാര്യ ആശ മുരളീധരൻ ജോലി ചെയ്യുന്നത്. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ ബുധനാഴ്ച മുളന്തുരുത്തിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ട്രെയിനിൽവെച്ച് പ്രതി ആശയുടെ മൊബൈൽ ഫോൺ പിടിച്ചുപറിച്ച് പുറത്തേക്ക് എറിഞ്ഞ ശേഷം വള ഊരിയെടുക്കുകയും മാല പൊട്ടിക്കുകയും ചെയ്തത്.
തുടർന്ന് ദേഹോപദ്രവം ഏൽപിക്കുന്നതിനിടെ രക്ഷപ്പെടാനാണ് ആശ കാഞ്ഞിരമറ്റം, പിറവം റോഡ് സ്റ്റേഷനുകള്‍ക്കിടയിലെ ഒലിപ്പുറത്തുവെച്ച് ട്രെയിൻ വേഗം കുറച്ചപ്പോൾ ചാടിയത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആശയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.