കോട്ടക്കൽ (മലപ്പുറം): വിശ്വാസികളെയും നാട്ടുകാരേയും ആശങ്കയിലാഴ്ത്തി ക്ഷേത്രത്തിനു നേരെ ആക്രമണം. കോട്ടക്കലിന് സമീപം പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ പുരാതന ക്ഷേത്രമായ പുത്തൂർ തണ്ണീർ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രത്തിൽ മൂന്നാഴ്ച മുമ്പാണ് മതസൗഹാർദം വിളിച്ചോതിയ ഉത്സവം നടന്നത്.
ശ്രീകോവിലിന് മുൻവശത്തേക്ക് കല്ലും മണ്ണും എറിഞ്ഞ നിലയിലാണ്. മച്ചിെൻറ ഓടുകളും ഓഫിസിന് സമീപം സ്ഥാപിച്ച വലിയ കണ്ണാടിയും ബൾബും തകർത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് ആേറാടെ വിളക്ക് കൊളുത്താൻ വന്ന ഭക്തയാണ് ക്ഷേത്രം അലങ്കോലപ്പെട്ടത് കാണുന്നത്. തുടർന്ന് ക്ഷേത്രത്തിലെ ശാന്തിക്കാരൻ ഹരിഹരൻ നമ്പൂതിരിയെ അറിയിച്ചു.
ക്ഷേത്രം ഭാരവാഹികളായ സി.എം. രാമദാസ് മേനോൻ, മേലെ പുരക്കൽ ഹരിദാസൻ വൈദ്യർ, കെ.പി. രാധാകൃഷ്ണൻ നായർ, വാർഡ് അംഗം സഫ്വാൻ പാപ്പാലി, പഞ്ചായത്ത് അംഗം ചോലയിൽ ഇസ്മയിൽ, വളപ്പിൽ പ്രേംകുമാർ എന്നിവർ സ്ഥലത്തെത്തി. മതസൗഹാർദം തകർക്കുന്ന പ്രവൃത്തി ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ക്ഷേത്രം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡൻറ് ലിബാസ് മൊയ്തീൻ ആവശ്യപ്പെട്ടു.
ക്ഷേത്ര കമ്മിറ്റിയുടെ പരാതിയിൽ കൽപകഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. റിയാസ് രാജ, എസ്.ഐ മണികണ്ഠൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വർഷങ്ങൾക്കു മുമ്പ് മറ്റൊരു ക്ഷേത്രത്തിനു നേരെയും സമാനരീതിയിൽ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സർവകക്ഷി യോഗം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.