കെ.എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം; സ്കൂട്ടറിലെത്തിയ സംഘം സ്ഫോടകവസ്തുവെറിഞ്ഞു

കോഴിക്കോട്: വടകരയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെ അധിക്ഷേപ പരാമർശം നടത്തി വിവാദത്തിലായ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം തേഞ്ഞിപ്പലം ഒലിപ്രം കടവിലെ വീടിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ഞായറാഴ്ച രാത്രി 8.15നായിരുന്നു സംഭവം. വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ അപകടം ഒഴിവായി. വൈകീട്ട് മുതൽ ഒരു സംഘം വീടിന്റെ പരിസരത്ത് റോന്തുചുറ്റുന്നത് ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ ഇതേ സംഘമെത്തി വാരിക്കൊണ്ട് പോയെന്നും ഹരിഹരൻ വെളിപ്പെടുത്തി.

വടകരയില്‍ നടന്ന 'സി.പി.എം. വര്‍ഗീയതക്കെതിരെ നാടൊരുമിക്കണം' ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ശൈലജക്കും നടി മഞ്ജു വാര്യർക്കുമെതിരായ അധിക്ഷേപ പരാമർശം. ‘സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ കരുതിയത് അവര് ചില സംഗതികള്‍ നടത്തിയാല്‍ അങ്ങ് തീരും എന്നാണ്. ടീച്ചറെ പോര്‍ണോ വിഡിയോ ഉണ്ടാക്കി... ആരെങ്കിലും ഉണ്ടാക്കുമോ അത്. മഞ്ജുവാര്യരുടെ പോര്‍ണോ വിഡിയോ ഉണ്ടാക്കിയെന്ന് നമുക്ക് കേട്ടാല്‍ മനസ്സിലാകും. ആരേലും ഉണ്ടാക്കുമോ അത്? ആരുണ്ടാക്കി? ഇതുണ്ടാക്കിയതില്‍ പി. മോഹനന്റെ മകന്‍ ജൂലിയസ് നിഖിതാസിന് വല്ല പങ്കുണ്ടോ?’ -എന്നിങ്ങനെയായിരുന്നു ഹരിഹരന്റെ വാക്കുകൾ.

പ്രസംഗം വിവാദമാവുകയും ആർ.എം.പി നേതാവ് ​കെ.കെ രമ ഉൾപ്പെടെയുള്ളവർ തള്ളിപ്പറയുകയും ചെയ്തതോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.എസ്. ഹരിഹരൻ ഖേദപ്രകടനം നടത്തിയിരുന്നു. 

Tags:    
News Summary - Attack on KS Hariharan's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.