ആറാട്ടുപുഴ: തന്നെ ആക്രമിച്ച പ്രതികളെ പോലീസ് പിടികൂടിയതിൽ ആശ്വസിക്കുമ്പോഴും ഭീകര രാത്രിയുടെ ഞെട്ടലിൽ നിന്നും സുബിന പൂർണമായും മുക്തയായിട്ടില്ല. പ്രതികളെ പിടികൂടിയെന്ന വാർത്ത കണ്ട് അക്രമത്തിനിരയായ ആരോഗ്യ പ്രവർത്തക തൃക്കുന്നപ്പുഴ പാനൂർ ഫാത്തിമാ മനസിലിൽ സുബിന 'മാധ്യമ'ത്തോട് പ്രതികരിച്ചു. സംഭവത്തിൽ കൊല്ലം കടയ്ക്കാവൂർ, അഞ്ചൽ സ്വദേശികളായ റോക്കി റോയ്, നിഷാന്ത് എന്നിവർ ഇന്ന് പിടിയിലായിരുന്നു.
അർദ്ധരാത്രിയോട് അടുത്ത സമയത്ത് അക്രമത്തിനിരയാകേണ്ടി വന്ന തെന്റ അവസ്ഥ ആർക്കും ഉണ്ടാകരുതെന്ന പ്രാർഥനയാണ് സുബിനക്കുള്ളത്. അത് വല്ലാതെ ഭീതിപ്പെടുത്തുന്ന അവസ്ഥയാണ്. പൊലീസ് ജീപ്പ് അതുവഴി കടന്നു വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാനീ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല.
സംഭവത്തിന് ശേഷം ദിവസങ്ങളോളം ഉറങ്ങിയിട്ടില്ല. ഭീതിപ്പെടുത്തുന്ന ഓർമകൾ എന്നെ മാനസികമായി വല്ലാതെ തകർത്തിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ദിവസങ്ങൾ നീണ്ടചികിത്സക്കൊടുവിലാണ് ഏറെക്കുറെ ഞാൻ സാധാരണ നിലയിലേക്ക് എത്തിയതെന്ന് സുബിന പറയുന്നു. ഞാനെല്ലാം മറക്കാൻ ശ്രമിക്കുകയാണ്. പ്രതികളെ പിടികൂടിയതിൽ ഏറെ സന്തോഷമുണ്ട്. ഇവർ ഇനി ഒരു അക്രമത്തിനും മുതിരരുത്.
ശിക്ഷ വാങ്ങി കൊടുക്കേണ്ടത് പോലീസിന്‍റെ ജോലിയാണ് അവരത് നിർവഹിക്കുമെന്നാണ് വിശ്വാസമെന്നും സുബിന പറഞ്ഞു. ഞാൻ നഴ്സിങ് അസിസ്റ്റൻ്റായി ആലപ്പുഴ മെഡിക്കൽ കോളേജിൽ ജില്ലാ താൽക്കാലിക അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് നവാസ് ക്യാൻസർ രോഗിയാണ്.
വിദ്യാർഥികളായ രണ്ട് പെൺകുട്ടികളാണെനിക്കുള്ളത്. ഞാൻ ജോലിക്ക് പോകാതിരുന്നാൽ കുടുംബം പട്ടിണിയിൽ ആകും. ഒന്നാം തീയതി മുതൽ മുതൽ വീണ്ടും ജോലിക്ക് പോകണം എന്നാണ് ആഗ്രഹിക്കുന്നത് ജോലി സ്ഥിരപ്പെട്ടു കിട്ടിയാൽ കുടുംബത്തിന് ആശ്വാസമാകും ഇക്കാര്യം ആരോഗ്യ വകുപ്പ് മന്ത്രിയോട് നേരിട്ട് അഭ്യർത്ഥിച്ചിട്ടുണ്ട്. പരിഗണിക്കുമെന്നാണ് വിശ്വാസമെന്ന് സുബിന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.