അട്ടപ്പാടി: ഭൂമി കൈയേറിയതിനെതിരെ ചെല്ലമ്മ ഹൈക്കോടതിയിൽ ഹരജി നൽകി

കോഴിക്കോട് : അട്ടപ്പാടിയിൽ ഭൂമി കൈയേറിയതിനെതിരെ നല്ലശിങ്കയിലെ ചെല്ലമ്മ ഹൈകോടതിയിൽ ഹരജി നൽകി. ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തി മുംബൈ ആസ്ഥാനമായുള്ള കമ്പനി തന്റെ കുടുംബ സ്വത്ത് അനധികൃതമായി തട്ടിയെടുത്തതിനെതിരെയാണ് ചെല്ലമ്മയുടെ പരാതി.

ചെല്ലമ്മയുടെ മുത്തച്ഛന് പട്ടയം വഴി സർക്കാർ പതിച്ചു നൽകിയതാണ് ഭൂമി. കോട്ടത്തറ വില്ലേജ് ഓഫീസിലെ എ, ബി രജിസ്റ്റർ പ്രകാരം അത് ആദിവാസി ഭൂമിയാണ്. രജിസ്റ്ററിന്റെ പേജിന്റെ പകർപ്പും കോടതിയിൽ തെളിവായി ഹാജരാക്കി. കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 1241/2 ലാണ് ചെല്ലമ്മയുടെ മുത്തച്ഛന്റെ ഭൂമി.

2015ൽ മാത്യു എന്നയാൾ ഭൂമിയിൽ ബലമായി കടന്നുകയറാൻ ശ്രമിച്ചുവെങ്കിലും ഭൂമിയുടെ അവകാശികളായ ചെല്ലമയും കുടുംബവും കൈയേറ്റം തടഞ്ഞു. ഭൂമി കൈയറ്റം സംബന്ധിച്ച് നിവേദനം സമർപ്പിച്ചപ്പോൾ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. നഞ്ചന്റെ നിയമപരമായ അവകാശികളിലൊരാളായ പാപ്പനാണ് ഭൂമി കൈമാറ്റം ചെയ്തതെന്ന് കൈയേറ്റക്കാർ വാദിച്ചു. എന്നാൽ, താൻ ഒരിക്കലും ഭൂമി ആർക്കും കൈമാറിയിട്ടില്ലെന്ന് കാണിച്ച് പാപ്പൻ സത്യവാങ്മൂലം സമർപ്പിച്ചു.

ഇതിനിടയിൽ മാത്യു ചില കുറ്റവാളികളെയും ഗുണ്ടകളെയും ഭൂമികൈയേറാനായി അയച്ചു. പ്രദേശവാസികളുടെ ശക്തമായ എതിർപ്പും പ്രതിഷേധവും കാരണം അവർ തിരിച്ചുപോയി. മാത്യു മറ്റൊരാളുടെ ബിനാമിയാണെന്ന സംശയമുണ്ട്.

1999ലെ ആദിവാസി ഭൂ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ പട്ടികവർഗ അംഗങ്ങളുടെ ഭൂമി അന്യാധീനപ്പെടുത്താൻ നിയമപരമായി കഴിയില്ല. അതിനാൽ  സേതു മാധവ വാര്യർ ഭൂമി വാങ്ങിയെന്ന് ആരോപിക്കുന്നത് അസാധുവാണ്. റവന്യൂ അധികാരിയുടെ മുൻ സമ്മതമില്ലാതെ പട്ടികവർഗ വിഭാഗത്തുള്ള ആരുടെയും ഭൂമി കൈമാറ്റം ചെയ്യനാവില്ല. കൈമാറ്റം നടത്തിയാൽ അത് നിയമത്തിലെ വകുപ്പ് നാല് അസാധുവാകുമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി..

ഇവിടെ ഭൂമി കൈമാറ്റം ചെയ്തത് റവന്യൂ അധികാരികളുടെ സമ്മതമില്ലാതെയാണ്. അതിനാൽ നഞ്ചന്റെ നിയമപരമായ അവകാശികൾക്ക് ഭൂമി തിരികെ നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.

പ്രിയനന്ദനൻ സംവിധാനം ചെയ്ത 'ധബാരി കുരുവി' എന്ന സിനിമയിൽ ഊരു മൂപ്പത്തിയായി അഭിനയിച്ചത് 63കാരിയായ ചെല്ലമ്മയാണ് ഭൂമിക്കു വേണ്ടി ഹരജിയുമായി ഹൈകോടതിയിൽ എത്തിയത്. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് ചെല്ലമ്മ ഭൂമി തിരിച്ചു പിടിക്കാൻ അഡ്വ. ടി.ബി. മിനി വഴി ഹൈകോടതിയിൽ ഹരജി  നൽകിയത്. ചെല്ലമ്മ നേരത്തെ ഭൂമി കൈയേറ്റം സംബന്ധിച്ച് ഗവർണർക്കും പരാതി നൽകിയിരുന്നു.

Tags:    
News Summary - Attapadi: Chellamma filed a petition in the High Court against the land grab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.