ഭൂതിവഴി ഊരിലെ പൊന്നിയുടെ ഭൂമിയുടെ  ആവകാശികൾ 

അട്ടപ്പാടി : പൊന്നിയുടെ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിട്ട് സബ് കലക്ടർ

കോഴിക്കോട് :അട്ടപ്പാടിയിൽ ഭൂതിവഴി ഊരിലെ  പൊന്നിയുടെ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഉത്തരവിട്ട് ഒറ്റപ്പാലം  സബ് കലക്ടർ  മിഥുൻ പ്രംരാജ്. ആദിവാസി ഭൂമി കൈയേറിയ ടി.എൽ.എ കേസിൽ 1987ലെ ഉത്തരവ് നടപ്പാക്കണമെന്നാണ് ഉത്തരവായത്.  37 വർഷമായി നീതി കാത്തിരിക്കുന്ന ആദിവാസി കുടുംബത്തിന്റെ (പൊന്നിയുടെയും രാം രാജിന്റെയും)  നിയമ പോരാട്ട വഴികൾ മാധ്യമം ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചതാണ് വഴിത്തിരിവായത്. 

ഈ ടി.എൽ.എ. കേസിൽ 1999-ലെ കെ.എസ്.ടി നിയമ പ്രകാരം പുനപരിശോധിക്കണമെന്നും ഈ നിയമത്തിലെ വകുപ്പ് അഞ്ച് പ്രകാരമുള്ള ഇളവ് നൽകണമെന്നുമാണ് രാജലക്ഷ്മിയുടെ കുടുംബാംഗങ്ങൾ ഉന്നയിച്ച വാദം. 2024 ജൂലൈ 18 ലെ വിചാരണയിൽ ഈ വാദങ്ങൾ സബ് കലക്ടർ നിരസിച്ചാണ് ഹൈകോടതിയുടെ വിധിന്യായത്തിലെ നിർദേശങ്ങൾ നിടപ്പാക്കുന്നതിന്  ഉത്തരവിട്ടത്.

 

1987 സെപ്തംബർ ഏഴിന്  ഒറ്റപ്പാലം മുൻ സബ് കലക്ടർ സുബ്ബയ്യനാണ് ആദിവാസി കൈയേറ്റക്കാരിൽനിന്ന തിരിച്ച് പടിച്ചു നൽകാൻ ആദ്യം ഉത്തരവിട്ടത്. പൊന്നി പാട്ടത്തിന് നൽകിയ ഭൂമി ബലപ്രയോഗത്തിലൂടെ പടിച്ചെടുത്തതാണെന്ന് സബ് കലക്ടർ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഭൂമി കൈമാറ്റം ചെയ്തതിന്റെ യാതൊരു രേഖയും രാജലക്ഷ്മിക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് സബ് കലക്ടർ റിപ്പോർട്ടിൽ രേഖപ്പെടുത്തി. രാജലക്ഷമി അപ്പീൽ നൽകിയെങ്കിലും പാലക്കാട് കലക്ടറും 1989ൽ ഉത്തരവ് ശരിവെച്ചു. 

അട്ടപ്പാടി ട്രൈബൽ താലൂക്ക് ഭൂരേഖ തഹസിൽദാർക്കാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. ഉത്തരവ് നടപ്പാക്കി അതിന്റെ മഹസർ, സ്കെച്ച്, സർവേ രേഖകൾ മുതലായ അനുബന്ധ രേഖകൾ സഹിതം  സബ് കലക്ടറുടെ ഓഫീസിലേക്ക് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.  ആദിവാസിയായ പൊന്നിയുടെ കുടുംബം ഭൂമിക്കായി 37 വർഷം നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമാണ് ഈ ഉത്തരവ്. 

ഈ കേസിന്റെ നാൾ വഴികൾ നോക്കിയാൽ  അപ്പീലുകളുടെ പ്രളയമാണ്.  പാലക്കാട് കലക്ടറുടെ 1989ലെ ഉത്തരവിനെതിരെ രാജലക്ഷമി ഹൈകോടതി, സുപ്രീം കോടതി എന്നിവിടങ്ങളിൽ അപ്പീൽ നൽകി. കോടതി വിധികളെല്ലാം ആദിവാസി കുടുംബത്തിന് അനുകൂലമായി. 2014ൽ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് കൈയേറ്റക്കാരെ സുഗമമായി ഒഴിപ്പിക്കുന്നതിന് നീക്കം നടത്തിയിരുന്നു. അതിന് മുന്നോടിയായി ടി.എൽ.എ. കേസിലെ കക്ഷികൾക്ക് പറയാനുള്ളത് സബ്‌ കലക്ടർ മുമ്പാകെ ബോധിപ്പിക്കുന്നതിന് അഗളി വില്ലേജ് ഓഫീസിൽ 2014 ജനുവരി 10ന് ഹാജരാവുന്നതിന് കക്ഷികൾക്ക് നോട്ടീസും അയച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പൊലീസ് സഹായം തേടി.

എന്നാൽ നോട്ടീസിന്മേലുള്ള തുടർനടപടികൾ തടയുന്നതിനായി രാജലക്ഷ്മിയുടെ മക്കളായ എസ്. ഷണ്മുഖൻ അടക്കം നാല് പേർ ചേർന്ന് ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. അഡ്വക്കറ്റ് ജനറൽ ഓഫീസിൽ നിന്നുള്ള നിർദേശാനുസരണം 2014 ജൂൺ ഏഴിന് ഒറ്റപ്പാലം സബ് കലക്ടറുടെ ഈ ഓഫിസിൽ നിന്നും ഹൈകോടതി മുമ്പാകെ കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്തു. അതോടെ കേസ് വീണ്ടും ഒരു പതിറ്റാണ്ട് കോടതിയിലായി. 

മാധ്യമം ആഴ്ചപതിപ്പിൽ നിയമ പോരാട്ട വഴികൾ  പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് പൊന്നിയുടെ കൊച്ചുമകൻ രാംരാജ് കോടതിയെ സമീപിച്ചത്. അതോടെ ഹൈകോടതിയുടെ വിധിയുണ്ടായി. ഹൈകോടതിയുടെ വിധിന്യായത്തിലെ നിർദേശപ്രകാരം ഈ കേസിലെ ഇരുകക്ഷികളെയും 2024 ജൂലൈ 18ന് ഒറ്റപ്പാലം സബ് കലക്ടർ നേരിൽ കേട്ടു. .

തർക്ക ഭൂമിക്ക് രാജലക്ഷ്മിയുടെ പേരിൽ പട്ടയം ലഭിച്ചിട്ടുണ്ടെന്നും, അത് തർക്കഭൂമിയിൽ കൈവശമുണ്ടെന്നതിന് തെളിവാണെന്നും. തർക്കഭൂമി രണ്ട് ഹെക്ടറിൽ കറവ് വിസ്തീർണമുള്ള കൃഷിഭൂമിയാണെന്നും വക്കീൽ ചൂണ്ടിക്കാട്ടി. അതിനാൽ 1999-ലെ കെ.എസ്.ടി നിയമത്തിലെ വകുപ്പ് അഞ്ചിലെ വ്യവസ്ഥകൾ പ്രകാരം തർക്കഭൂമി തുടർന്നും കൈവശം വെക്കുന്നതിന് രാജലക്ഷ്മിയുടെ അവകാശികൾക്ക് അർഹതയുണ്ടെന്നും ഇവർക്ക് വേണ്ടി വക്കീൽ വാദിച്ചു.

എന്നാൽ രാജലക്ഷ്മിയുടെ കടുംബം പാട്ടത്തിനെടുത്തതാണെന്നും തുടർന്ന് ഭൂമി തങ്ങൾക്ക് തിരികെ തരാതെ കൈവശപ്പെടുത്തിയാണെന്നും ആദിവാസി കുടുംബം വാദിച്ചു, നിയമപ്രകാരം തർക്കഭൂമി തങ്ങൾക്ക് പുനസ്ഥാപിച്ചു നൽകണമെന്നുള്ള ഉത്തരവുകൾ നിലവിലുണ്ടെന്നും. അത് സുപ്രീം കോടതി ഉൾപ്പെടെ അംഗീകരിച്ചിട്ടുള്ളതാണെന്നും ആദിവാസികൾ പറഞ്ഞു. രാജലക്ഷ്മിയുടെ കുടുംബാംഗങ്ങൾ ഉന്നയിച്ച വാദങ്ങളെല്ലാം സബ് കലക്ടർ നിരസിച്ച് ഹൈകോടതിയുടെ വിധിന്യായത്തിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന് ഉത്തരവിടുമ്പോൾ 37 വർഷമാണ് നീതി നിഷേധിച്ചത്.   

Tags:    
News Summary - Attappadi tribal land: Ottapalam sub-collector to implement the order of 1987

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.