തിരുവനന്തപുരം: അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വിവിധ വകുപ്പുകൾ യോജിച്ച് പ്രവര്‍ത്തനം നടത്താന്‍ മന്ത്രിമാരുടെ ഉന്നതതല യോഗത്തിൽ തീരുമാനം. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍, പീഡിയാട്രിക് ഐ.സി.യുവിലും കുട്ടികളുടെയും അമ്മമാരുടെയും പ്രത്യേക വിഭാഗത്തിലും സൗകര്യം എന്നിവ സജ്ജമാക്കും. കോട്ടത്തറ ആശുപത്രിയടക്കം അട്ടപ്പാടി മേഖലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡിസംബർ നാലിന് രാവിലെ 10ന് തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കാനായി പ്രത്യേക സംഘം കോട്ടത്തറ ആശുപത്രി സന്ദര്‍ശിച്ചു. ഹൗസ് സര്ജന്മാരടക്കമുള്ള സംഘം സേവനത്തിനെത്തും. ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് എത്തിച്ചതായി മന്ത്രി വ്യക്തമാക്കി. മന്ത്രി കെ. രാധാകൃഷ്ണന് വിളിച്ച യോഗത്തില്‍ മന്ത്രി എം.വി. ഗോവിന്ദനും പങ്കെടുത്തു.
പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഭക്ഷ്യവകുപ്പ് നല്‍കിവരുന്ന ഭക്ഷ്യവസ്തുക്കള്‍ ഊരുകളിലെത്തിക്കാന്‍ സംവിധാനമൊരുക്കുമെന്ന് മന്ത്രി ജി.ആര്. അനില്‍ വ്യക്തമാക്കി. അട്ടപ്പാടി നിവാസികളുടെ താല്‍പര്യത്തിനനുസൃതമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കും. ഗോതമ്പിനുപകരം ആട്ട വിതരണം ചെയ്യും.
അട്ടപ്പാടിയുമായി ബന്ധപ്പെട്ട ട്രൈബല്‍ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് പ്രത്യേക അനുമതി നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അട്ടപ്പാടിയില്‍ മദ്യവര്‍ജനത്തിനായി എക്സൈസ് വകുപ്പ് പ്രത്യേക ബോധവത്കരണം നടത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദന് വ്യക്തമാക്കി. ആശ പ്രവര്‍ത്തകര്‍, എസ്.ടി പ്രമോട്ടര്‍മാര്‍, വി.ഇ.ഒമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിെലയും പ്രവര്‍ത്തകരെ കോര്‍ത്തിണക്കി പദ്ധതി തയാറാക്കി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. അട്ടപ്പാടി സ്വദേശികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തദ്ദേശീയമായി വിന്യസിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നിർദേശമുണ്ടായി. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജി.ആര്. അനില്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, എക്സൈസ് കമീഷണര്‍ എസ്. ആനന്ദകൃഷ്ണന്, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഗൊബ്രഗഡേ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.