അട്ടപ്പാടിയിലെ കാറ്റാടിഭൂമി കേസ്: ഒരു പതിറ്റാണ്ടിന് ശേഷം വിചാരണക്ക്

കോഴിക്കോട്: അട്ടപ്പാടിയിലെ വിവാദമായ കാറ്റാടിഭൂമി സംബന്ധിച്ച കേസ് ഒരു പതിറ്റാണ്ടിനു ശേഷം ഹൈകോടതിയിൽ വിചാരണക്ക്. ഈ മാസം 25ന് കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് ഹൈകോടതിയുടെ നോട്ടീസ്. കോട്ടത്തറ വില്ലേജിലെ നല്ലശിങ്കയിലാണ് ആദിവാസി ഭൂമി വ്യാജരേഖ നിർമിച്ച് കൈയേറിയെന്ന പരാതി ഉയർന്നത്. തുടർന്ന് വില്ലോജ് ഓഫിസർ മുതൽ ചീഫ് സെക്രട്ടറി വരെ അന്വേഷണം നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

എൽ.ഡി.എഫിന്റെ ഭരണകാലത്താണ് ആദിവാസി ഭൂമി കൈയേറ്റം നടന്നത്. അന്ന് പ്രതിപക്ഷം നിയമസഭയിൽ ശക്തമായി ഇടപെടൽ നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ വിഷയം അവതരിപ്പിക്കുകയും ഇരകളായ ആദിവാസികളെയും കൂട്ടി ഡൽഹിയിൽ പോയി സോണിയ ഗാന്ധിയെ കണ്ട് പരാതി നൽകുകയും ചെയ്തു.

 


ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി സമർപ്പിച്ച് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുവാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കി. ആദിവാസികളുടെ 85.21 ഏക്കര്‍ ഭൂമിയാണ് സുസ് ലോണ്‍ കൈയേറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയത്. ഏറ്റെടുക്കുന്ന ഭൂമി ആദിവാസികള്‍ക്ക് പതിച്ച് നല്‍കി പട്ടയം ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറുമെന്ന് അന്നത്തെ മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉറപ്പ് നൽകിയിരുന്നു.

ആദിവാസികളുടെ ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ട് കാറ്റാടി യന്ത്രങ്ങളും ഏറ്റെടുക്കും. കാറ്റാടി യന്ത്രം കെ.എസ്.ഇ.ബിയെ ഏല്‍പിച്ച് അതിന്റെ ലാഭവിഹിതം ഭൂമിയുടെ ഉടമകളായ ആദിവാസികള്‍ക്ക് നല്‍കാന്‍ നിർദേശം നൽകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. എന്നാൽ, കാറ്റാടി കമ്പനി ഹൈകോടതിയിൽ നിന്നും അതിനു സ്റ്റേ വാങ്ങി. അതോടെ എല്ലാം അവസാനിച്ചു. ഭൂമി നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങളിലെ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. തിരുവഞ്ചൂരിനൊപ്പം ഡെൽഹിയിൽപോയ ആദിവാസിയായ പൊന്നിയെ ഒടുവിൽ പൊലീസ് സ്റ്റേഷന് സമീപം മരത്തിൽ തൂങ്ങി മരിച്ച് നിലയിലാണ് കണ്ടെത്തിയത്.

കാറ്റാടി യന്ത്രം സ്ഥാപിച്ച ഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 2011ൽ കാറ്റാടി കമ്പനി ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. വ്യാജരേഖ ഉണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുത്ത വർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അട്ടപ്പാടി സംരക്ഷണ സമിതി കൺവീനർ എം. സുകുമാരനും ഹൈക്കോടതിയിൽ ഹരജി നൽകി. രണ്ടു കേസുകളും ഒരുമിച്ചാണ് ഇപ്പോൾ വിചാരണക്ക് എടുക്കുന്നത്. ഭൂമി കൈയേറ്റം നടന്ന് ഒരു പതിറ്റാണ്ടിനുശേഷം നീതി ലഭിക്കാത്ത ആദിവാസികൾ വീണ്ടും കോടതി കയറുകയാണ്.

കോട്ടത്തറ വില്ലേജിലെ സർവേ 1275 ലെ ഭൂമിയാണ് വിൽപ്പന നടത്തിയത്. ആദിവാസികൾ ഭൂമി ആർക്കും വിൽപ്പന നടത്തിയിട്ടില്ല. അവരുടെ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 300 ൽ അധികം ഏക്കർ ഭൂമിക്ക് വ്യാജ ആധാരങ്ങളുണ്ടാക്കി വിൽപ്പന നടത്തിയെന്നായിരുന്നു പരാതി. ഈ കേസിൽ നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. 2022 ലും വിവാദ ഭൂമിയിൽ ഭൂമിയിൽ വ്യാജ ആധാരങ്ങളിലൂടെ വീണ്ടും രജിസ്ടേഷനും കൈമാററവും നടന്നുവെന്ന് എം.സുകുമാരൻ മാധ്യമം ഓൺലൈനോട് പറഞ്ഞു.

കാറ്റാടി യന്ത്രം സ്ഥാപിച്ച ഭൂമി സുസ് ലോൺ കമ്പനി മൂന്നര ഏക്കർ വീതം മറിച്ച് വിറ്റു. വാങ്ങിയവർ വൈദ്യുതി ബോർഡിന് വൈദ്യുതി നൽകി കോടിക്കണക്കിന് രൂപ സമ്പാദിച്ചു. ആദിവാസികൾക്ക് ഇനിയെങ്കിലും നീതി ലഭിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. 

Tags:    
News Summary - Attappady windmill case: To trial after a decade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.