ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പരാതി

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയെ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി തലക്കടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. താൽക്കാലിക ജീവനക്കാരിയായ 35കാരിയെയാണ് ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചത്.

വണ്ടാനം മെഡിക്കൽ കോളജിലെ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് അർധരാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു തട്ടിക്കൊണ്ടുപോകൽ ശ്രമം. സ്കൂട്ടറിനെ പിന്തുടർന്ന് ബൈക്കിലെത്തിയ രണ്ടുപേർ ഹെൽമറ്റ് കൊണ്ട് ഇവരുടെ തലക്കടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട സ്കൂട്ടർ സമീപത്തെ പോസ്റ്റിൽ ഇടിച്ചു. നിലത്തുവീണ യുവതിയെ പ്രതികൾ ബൈക്കിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു.

പൊലീസ് വാഹനം വരുന്നത് കണ്ടതോടെ പ്രതികൾ യുവതി‍യെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. യുവതി രാവിലെ ആശുപത്രിയിൽ ചികിത്സ തേടി.

പ്രതികളെ പിന്തുടർന്ന് പിടികൂടാനോ യുവതിയെ ആശുപത്രിയിലാക്കാനോ പൊലീസ് തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പരാതിയെ തുടർന്ന് ആശുപത്രിയിലെത്തി പൊലീസ് ആരോഗ്യപ്രവർത്തകയുടെ മൊഴിയെടുത്തു. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരിക‍യാണ്. 

Tags:    
News Summary - Attempt to abduct health worker in alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.