ചങ്ങനാശ്ശേരി: ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാനുള്ള ശ്രമം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരിക്കേൽപിച്ചു. ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടിൽ രമേശനെ (65) പൊലീസ് അറസ്‌റ്റ് ചെയ്തു. ആക്രമണത്തിൽ കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജയന് പരിക്കേറ്റു. ബുധനാഴ്ച ചങ്ങനാശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം.
ഒരു കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ തേടിയെത്തിയതാണ്. രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോൾ കോടതിയിലെത്തിയ രമേശൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി വാക്തർക്കമുണ്ടായി. പിന്നീട് ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞ് കോടതിക്ക് പുറത്താക്കി.
വൈകീട്ട് കത്തിയും വെട്ടുകത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഈ ശ്രമം തടയുന്നതിനിടെയാണ് ജയന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഉടൻ മറ്റ് പൊലീസുകാരും ചേർന്ന് രമേശനെ ബലപ്രയോഗത്തിലൂടെ കീഴടക്കി. മുമ്പും കോടതിയിൽ എത്തി ഇയാൾ പ്രശ്നങ്ങളുണ്ടാക്കിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.