ആമ്പല്ലൂർ (തൃശൂർ): റഷ്യയിൽ കൊല്ലപ്പെട്ട തൃക്കൂർ നായരങ്ങാടി സ്വദേശി സന്ദീപിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. റഷ്യയിലെ മലയാളി അസോസിയേഷൻ അംഗങ്ങളാണ് തിങ്കളാഴ്ച മൃതദേഹം തിരിച്ചറിഞ്ഞത്. എംബസിയിൽനിന്നുള്ള സ്ഥിരീകരണം ജില്ല കലക്ടർ വഴി ബന്ധുക്കൾക്ക് നൽകുമെന്നും അറിയുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ഊർജിതമാക്കി. താമസിയാതെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. ഇതിനായി റഷ്യന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു.
കല്ലൂര്‍ നായരങ്ങാടി കാങ്കില്‍ ചന്ദ്രന്റെയും വത്സലയുടെയും മകന് സന്ദീപ് (36) യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി റഷ്യയിലുള്ള മലയാളിയുടെ ശബ്ദസന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു. താൻ റഷ്യന്‍ സേനയുടെ ഭാഗമാണെന്നും സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെയാണ് സന്ദീപ് ഉൾപ്പെടെ 12 അംഗ റഷ്യന്‍ സേനയിലെ പട്രോളിങ് സംഘം ആക്രമിക്കപ്പെട്ടത്. തുടർന്ന് ദിവസങ്ങളായി സന്ദീപിനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. വീട്ടുകാർ എംബസിക്കും കേന്ദ്രമന്ത്രിമാര്‍ക്കും പരാതി നൽകിയിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രിക്കും പരാതി നല്കി. തുടർന്നാണ് എംബസി അധികൃതരുടെ മറുപടിയെത്തിയത്.
സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും റഷ്യയില്‍ ജോലിക്ക് റിക്രൂട്ട് ചെയ്ത വ്യക്തികളുടെ പങ്കാളിത്തത്തെക്കുറിച്ചും ഇന്ത്യന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും എംബസി അധികൃതര്‍ അറിയിച്ചു. ഉത്തരവാദികള്‍ക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മോസ്കോയിലെ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ രാംകുമാര്‍ തങ്കരാജിന്റെ ഇ-മെയില്‍ സന്ദേശമാണ് സന്ദീപിന്റെ കുടുംബത്തിന് ലഭിച്ചത്.
സന്ദീപിനോടൊപ്പം റഷ്യയിലേക്കു പോയിരുന്ന കൊടകര കനകമല സ്വദേശി സന്തോഷ് കുമാർ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഇയാൾ സുരക്ഷിതനാണെന്ന് ബന്ധുക്കൾ അറിയിച്ചു. സന്ദീപും സന്തോഷും ഉൾപ്പെടെ ഏഴുപേരാണ് ചാലക്കുടിയിലെ ഏജന്റ് വഴി റഷ്യയിൽ പോയത്. റസ്റ്റാറന്റ് ജോലി, വയറിങ് തുടങ്ങിയ ജോലികൾക്കാണ് കൊണ്ടുപോകുന്നതെന്നാണ് ഇവരെ അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.