മാനന്തവാടി: കൊലയാളി കാട്ടാന ബേലൂർ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം നാലാം ദിവസത്തിലേക്ക്. ചൊവ്വാഴ്ച ആനയെ വയലിലേക്ക് ഇറക്കി മയക്കുവെടി വെക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല.
തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെ ജനവാസ കേന്ദ്രത്തോട് ചേർന്ന മണ്ണുണ്ടി കോളനിക്ക് സമീപമായിരുന്നു ആന നിലയുറപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ച രണ്ടു കിലോ മീറ്റർ ദൂരെ തോൽപ്പെട്ടി റോഡിലെ ഇരുമ്പുപാലത്തേക്ക് നീങ്ങിയതായി സിഗ്നൽ ലഭിച്ചു. തുടർന്ന് ദൗത്യസംഘം രാവിലെ ഏഴരയോടെ ഈ പ്രദേശത്തേക്ക് നീങ്ങി നിരീക്ഷണം തുടങ്ങി.
എന്നാൽ, കാട്ടാനക്കൊപ്പം മറ്റൊരു ആനകൂടി ചേർന്നതോടെ ഇരുവരും ചേമ്പുംകൊല്ലി ഭാഗത്തേക്ക് നീങ്ങി. അവിടെനിന്ന് തുരത്താൻ ശ്രമം തുടങ്ങിയതോടെ ഉച്ചക്ക് രണ്ടരയോടെ വീണ്ടും മണ്ണുണ്ടി ഭാഗത്തേക്ക് നീങ്ങി. തിരിച്ച് ഇരുമ്പുപാലത്തേക്ക് നീങ്ങിയ ആനയെ വൈകുന്നേരം ആറ് മണിയോടെ അവിടെ വയലിലേക്ക് ഇറക്കി മയക്കുവെടി വെക്കാൻ ശ്രമിക്കുന്നതിനിടെ ഉൾക്കാട്ടിൽ മറഞ്ഞു. ഇതോടെ ഇന്നലത്തെ ദൗത്യം അവസാനിപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് പടമല ചാലിഗദ്ധ പനച്ചിയിൽ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നത്. ഇതിനെതുടർന്ന് അപകടകാരിയായ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഞായറാഴ്ച മുതൽ ശ്രമം നടന്നുവരികയാണെങ്കിലും വിജയിച്ചില്ല. ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ, വൈൽഡ് ലൈഫ് സി.സി.എഫ് മുഹമ്മദ് ഷബാബ് എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം വനപാലകരും മറ്റുമാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.