കോഴിക്കോട് : ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായി സൂചന. ചില നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരിക്കയാണ്. അക്രമിയെന്ന് സംശയിക്കുന്നയാൾ ട്രെയിൻ നിർത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിലേക്ക് കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നേരത്തെ ഇയാളെ പ്രതീക്ഷിച്ച് ബൈക്കിവിടെയുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കാരണം, ഇയാൾ ബൈക്കുകാരനുമായി യാതൊന്നും സംസാരിക്കാതെയാണ് കയറി കണ്ണൂർ ഭാഗത്തേക്ക് പോയത്.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസറിയിച്ചു. ബാഗിൽ നിന്നും ലഭിച്ച രേഖകൾ വെച്ച് അക്രമിയിലേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് പൊലീസിനുള്ളത്.
എലത്തൂർ റെയിൽവേ സ്റ്റേഷൻ സമീപം ട്രാക്കിൽ അക്രമിയുടെതെന്ന് കരുതുന്ന ബാഗ് കണ്ടെത്തി. ബാഗിൽ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈൽ ഫോണും വസ്ത്രങ്ങളുമാണുള്ളത്. ഇന്നലെ രാത്രി 9.30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടിവിലാണ് നാടിനെ ഞെട്ടിച്ച സംഭവങ്ങളുണ്ടായത്.
ചുവന്ന ഷർട്ടും,തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയിരുന്നു. ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം ട്രെയിൻ നിർത്തിയ സമയത്ത് അക്രമി പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.