തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിൽ നിലനിൽക്കുന്ന ഭിന്നതക്ക് പരിഹാരം കാണാൻ മുതിർന്നവരും അസംതൃപ്തരുമായ നേതാക്കളെ ദേശീയ കൗൺസിലിലേക്കും സംസ്ഥാന സമിതിയിലേക്കും മേഖല കമ്മിറ്റികളിലും ഉൾപ്പെടുത്തി 'പരിഹാര ക്രിയ'. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനാണ് ദേശീയ കൗൺസിലിലേക്ക് 35 പേരെയും മൂന്ന് എക്സ് ഒഫിേഷ്യാ അംഗങ്ങൾ ഉൾപ്പെടെ 115 സംസ്ഥാന സമിതി അംഗങ്ങളെയും പ്രഖ്യാപിച്ചത്. അതിനു പുറമെ മേഖല ഭാരവാഹികളെയും പ്രഖ്യാപിച്ചു. എന്നാൽ, ഔദ്യോഗിക പക്ഷവുമായി അടുത്ത ബന്ധമുള്ളവരെയാണ് പരിഗണിച്ചതെന്ന ആരോപണവുമായി വിമതർ രംഗത്തെത്തി.
സംസ്ഥാന മുൻ പ്രസിഡൻറുമാർ ഉൾെപ്പടെ മുതിർന്ന നേതാക്കളെയും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ഥാനാർഥിമാരായി പാർട്ടിയിലെത്തിയവരെയും സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമർശനം ഉന്നയിച്ചവരെയും സ്ഥാനങ്ങളിലേക്ക് പരിഗണിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിെൻറ നിർദേശാനുസരണമാണ് ഇവരെ ഉൾെപ്പടുത്തിയതെന്നാണ് ഔദ്യോഗിക വിഭാഗത്തിെൻറ വിശദീകരണം. എന്നാൽ, പി.പി. മുകുന്ദൻ ഉൾപ്പെടെ മുതിർന്ന നേതാക്കളെ ഒഴിവാക്കിയെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
മുൻ സംസ്ഥാന അധ്യക്ഷന്മാരായ കെ.വി. ശ്രീധരൻ മാസ്റ്റർ, സി.കെ. പത്മനാഭൻ, കെ. രാമൻപിള്ള, മുൻ ജനറൽ സെക്രട്ടറി കെ.പി. ശ്രീശൻ, നേതൃത്വത്തിനെതിരെ പരസ്യവിമർശനം ഉന്നയിച്ച മുൻ ൈവസ് പ്രസിഡൻറ് പി.എം. വേലായുധൻ ഉൾപ്പെടെയുള്ളവരെ ദേശീയ കൗൺസിലിലേക്ക് ശിപാർശ ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ച ജി. കൃഷ്ണകുമാർ, നെയ്യാറ്റിൻകരയിൽ മത്സരിച്ച ചെങ്കൽ രാജശേഖരൻ നായർ എന്നിവരെയും ഉൾപ്പെടുത്തി. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ സംസ്ഥാന സമിതിയിലെത്തിയിട്ടുണ്ട്. ഇതിൽ വിമത വിഭാഗത്തിന് അതൃപ്തിയുണ്ട്. വർഷങ്ങളായി പാർട്ടിക്കായി പ്രവർത്തിക്കുന്നവരെ മാറ്റിനിർത്തി അടുത്തിടെ വന്നവർക്ക് സ്ഥാനമാനങ്ങൾ നൽകിയെന്ന് അവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.