ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസ്: ഒമ്പത് പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷ വിധിക്കുക ഡിസംബർ 18ന്

തിരുവനന്തപുരം: ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസില്‍ അയ്യപ്പനാശാരിയെ (52) വെട്ടികൊലപ്പെടുത്തിയ കേസിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി. കടച്ചിൽ അനി എന്ന് വിളിക്കുന്ന അനിൽകുമാർ, ഉപ്പ് സുനി എന്ന് വിളിക്കുന്ന സുനിൽകുമാർ, അനിൽ എന്ന് വിളിക്കുന്ന അനിൽകുമാർ, മനോജ്, ഉണ്ണി, ഗോവർധൻ എന്ന് വിളിക്കുന്ന സതീഷ് കുമാർ, പ്രദീഷ് എന്ന് വിളിക്കുന്ന സന്തോഷ്, ചന്ദ്രൻ മകൻ സന്തോഷ്, ബീഡി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ് എന്നിവരെയാണ് തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹൻ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. മതിയായ തെളിവില്ലാത്തത് കാരണം 7 പ്രതികളെ വെറുതെ വിട്ടു. ശിക്ഷ ഡിസംബർ 18ന് പറയും. നിയമവിരൂദ്ധമായ സംഘം ചേരൽ, മാരകായുധത്തോട് കൂടിയുള്ള ലഹള, ഭവന കൈയ്യേറ്റം, വീട്ടുപകരണങ്ങൾ നശിപ്പിക്കൽ, കൊലപാതകശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കണ്ടെത്തിയത്‌.

19 പ്രതികളുണ്ടായിരുന്ന കേസ്സിൽ വിചാരണ ആരംഭിച്ചത് 19 വർഷങ്ങൾക്ക് ശേഷമാണ്. വിചാരണ തുടങ്ങും മുമ്പ് കേസിലെ കൂട്ടുപ്രതികളായ കളിപ്പാൻകുളം കഞ്ഞിപ്പുര നിവാസികളായ ശ്രീകണ്ഠൻ നായർ മകൻ സനോജ്, സുലോചനൻ നായർ മകൻ പ്രകാശ്, ചന്ദ്രൻ മകൻ സുരേഷ് എന്നിവർ മരണപ്പെട്ടു. 16 പ്രതികളാണ് വിചാരണ നേരിട്ടത്. ആറ്റുകാൽ കഞ്ഞിപ്പുര സ്വദേശികളായ മണിയൻ മകൻ പ്രദീപ്, ഉണ്ണിക്കൃഷ്ണൻ നായർ മകൻ ശ്യാംകുമാർ, സനു എന്ന് വിളിക്കുന്ന സനൽകുമാർ, കൊച്ചുമോൻ പ്രദീപ്, കളിപ്പാംകുളം കഞ്ഞിപ്പുരയിൽ മണിയൻ മകൻ രാജേഷ്, കളിപ്പാംകുളം മേടമുക്ക് കാർത്തിക നഗറിൽ ബാലൻ മകൻ ഇടതൻ ബിജു എന്ന് വിളിക്കുന്ന വിവേക്, ആറ്റുകാൽ എം.എസ്.കെ. നഗർ നിവാസിയും പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളുമായ മുരുകൻ മകൻ ലാലു എന്ന് വിളിക്കുന്ന വിനോദ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

2004 ആഗസ്റ്റ് 28 തിരുവോണ ദിവസമാണ് ആറ്റുകാൽ മേടമുക്ക് മുത്താരമ്മൻ കോവിലിന് സമീപം അയ്യപ്പനാശാരി കൊല്ലപ്പെടുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് അത്ത പൂക്കളത്തിന് പൂക്കടയില്‍ നിന്ന് പൂക്കള്‍ എടുത്തതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആര്‍.എസ്.എസ് നഗര്‍ സേവാപ്രമുഖ് ആയിരുന്ന രാജഗോപാല്‍ ആചാരിയുടെ ജേഷ്ഠനായിരുന്നു കൊല്ലപ്പെട്ട അയ്യപ്പനാചാരി. രാജഗോപാലിനും സംഭവത്തിൽ മാരകമായി പരിക്കേറ്റിരുന്നു.

മണക്കാട് സ്പാൻ ആശുപത്രിക്ക് സമീപം പൂക്കട നടത്തിയിരുന്ന പൂക്കട രാജേന്ദ്രൻ എന്നയാളിന്‍റെ കടയില്‍ നിന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകന്‍ സതീഷും സുഹൃത്ത് കുതിര സനൽ എന്നു വിളിക്കുന്ന സനലും പൂക്കള്‍ എടുത്തിരുന്നു. ഇത് ചോദ്യം ചെയ്തുകെണ്ട് രാജേന്ദ്രന്‍റെ സുഹൃത്ത് കേസിലെ ഒന്നാം പ്രതി കടച്ചല്‍ അനി എന്ന അനിയുടെ നേതൃത്വത്തിൽ 19 പേർ സംഘം ചേർന്ന് സതീഷിനെ ആക്രമിക്കുകയും ആര്‍.എസ്.എസ് നേതാവ് രാജഗോപാല്‍ ആശാരിയുടെ വീടിനുള്ളിൽ അതിക്രമിച്ച് കയറി വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും രാജഗോപാല്‍ ആശാരിയേയും സഹോദരപുത്രന്‍മാരായ സതീഷ്, രാജേഷ് എന്നിവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ആക്രമണം തടയാൻ ശ്രമിച്ച രാജഗോപാല്‍ ആശാരിയുടെ സഹോദരന്‍ അയ്യപ്പനാശാരിയെ കുത്തി കൊലപ്പെടുത്തുകയും ചെയ്തു.

കേസിലെ നിര്‍ണ്ണായക ദൃക്സാക്ഷിയും സംഭവത്തില്‍ പരിക്കേറ്റയാളുമായ രാജഗോപാല്‍ ആശാരിയും ഭാര്യ സരസ്വതിയും വിചാരണക്ക് മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. മറ്റൊരു ദൃക്സാക്ഷിയായ രാജഗോപാല്‍ ആശാരിയുടെ മകളും സംഭവ സമയം 12 വയസ് പ്രായമുണ്ടായിരുന്ന പ്രിയയുടെ മൊഴിയാണ് കേസ്സിൽ നിർണ്ണായക തെളിവായത്. സംഭവത്തിൽ പരിക്കേറ്റ അയ്യപ്പനാശാരിയുടെ മകൻ സതീഷ്, രാജേഷ് എന്നിവർ കേസിലെ എല്ലാ പ്രതികളെയും അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ, അഡ്വ. അഖില ലാൽ, അഡ്വ. ദേവിക മധു എന്നിവർ ഹാജരായി.

Tags:    
News Summary - Attukal Ayyappan Asari murder case: Court finds nine accused guilty; Sentencing on December 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.