ബസിനു മുന്നിലെ വടിവാള്‍ വീശൽ; ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പും നടപടിക്ക്

കൊണ്ടോട്ടി: കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവർ വടിവാള്‍ വീശിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു. പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ ഷംസുദ്ദീന്‍ (27) നെതിരെയാണ് ബസ് ജീവനക്കാരുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഇയാളെ പിടികൂടാനായിട്ടില്ല.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കൊണ്ടോട്ടിക്കടുത്ത് പുളിക്കല്‍ മുതല്‍ കൊളത്തൂർ വിമാനത്താവള ജംഗ്ഷന്‍ വരെയായിരുന്നു നിറയെ യാത്രക്കാരുള്ള ബസിനു നേരെ യുവാവിന്റെ പരാക്രമം. യാത്രക്കാര്‍ പകര്‍ത്തിയ ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രതിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പുളിക്കലില്‍ യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയപ്പോള്‍ പിറകിലെത്തിയ ഓട്ടോറിക്ഷ തുടരെ ഹോണ്‍ മുഴക്കിയിരുന്നു. യാത്രക്കാരെ സ്‌റ്റോപ്പിലിറക്കി മുന്നോട്ടെടുത്തപ്പോള്‍ പിന്തുടര്‍ന്ന ഓട്ടോ കൊട്ടപ്പുറത്തിനടുത്തുവെച്ച് ബസിനെ മറികടക്കുകയും മാര്‍ഗതടസമുണ്ടാക്കുന്ന വിധത്തില്‍ വാഹനം ഓടിക്കുകയുമായിരുന്നെന്ന് ബസ് ജീവനക്കാരുടെ പരാതിയില്‍ പറയുന്നു. തൊട്ടടുത്ത സ്റ്റോപ്പായ തലേക്കരയെത്തുന്നതിനു മുമ്പായാണ് ഓട്ടോയില്‍ നിന്ന് വടിവാള്‍ പുറത്തേക്ക് വീശി ഭീഷണിയുണ്ടായത്. കൊളത്തൂരിലെ വിമാനത്താവള ജംഗ്ഷന്‍ വരെ പലതവണ ഇത് ആവര്‍ത്തിക്കുകയും അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ബസിലുണ്ടായവര്‍ പകര്‍ത്തിയത്.

നേരത്തെ കഞ്ചാവ് കേസില്‍ അറസ്റ്റിലായി പുറത്തിറങ്ങിയ ഷംസുദ്ദീനാണ് ഓട്ടോ ഓടിച്ചിരുന്നതെന്നും പൊതുസ്ഥലത്ത് ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും മാര്‍ഗ്ഗതടസ്സമുണ്ടാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെന്നും കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ എ. ദീപകുമാര്‍ അറിയിച്ചു. സംഭവ ദിവസം കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ പരാതി നല്‍കിയ ശേഷം ബസ് സര്‍വ്വീസ് തുടര്‍ന്നിരുന്നു. ഇന്ന് ബസ് ജീവനക്കാരെ വിളിച്ചു വരുത്തിയാണ് പൊലീസ് മൊഴിയെടുത്തത്.

സംഭവത്തില്‍ മലപ്പുറം ആര്‍.ടി.ഒയുടെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷ ഷംസുദ്ദീന്റെ മാതാവ് നഫീസയുടെ പേരിലാണെന്നും ടാക്‌സ്, ഇന്‍ഷൂറന്‍സ് തുടങ്ങിയ രേഖകളൊന്നുമില്ലെന്നും കൊണ്ടോട്ടി സബ് ആര്‍.ടി.ഒ നിഖില്‍ സ്‌കറിയയുടെ നേതൃത്വത്തിലുള്ള സംഘവും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഓട്ടോ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം വാഹനം കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ അറിയിച്ചു. 


Full View


Tags:    
News Summary - Auto driver threats bus staffs with sowrd police case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.