തിരുവനന്തപുരം: സ്വന്തമായി റീഡിങ് രേഖപ്പെടുത്തി അയക്കാന്‍ കഴിയുന്ന മീറ്ററുകളും പരാതി ബുക്ക് ചെയ്യാന്‍ എസ്.എം.എസ് സംവിധാനവുമടക്കം ഏര്‍പ്പെടുത്തി ജല അതോറിറ്റി മുഖംമാറ്റത്തിനൊരുങ്ങുന്നു. വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള വിവിധ സംരംഭങ്ങള്‍ക്കായി 6.85 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കി.
മീറ്റര്‍റീഡര്‍മാര്‍ ഓരോ വീടുകളിലുമത്തെി റീഡിങ് എടുക്കുന്നത് ഒഴിവാക്കി പകരം ഓട്ടോമാറ്റിക് മീറ്റര്‍ റീഡിങ് (എ.എം.ആര്‍) സംവിധാനം ഏര്‍പ്പെടുത്താനാണ് ആലോചന. റീഡറുടെ സഹായമില്ലാതെ നിശ്ചിതസമയപരിധിയിലെ ജല ഉപഭോഗത്തിന്‍െറ കണക്കും ബില്‍തുകയും തയാറാക്കി ബന്ധപ്പെട്ട ഓഫിസിലേക്ക് അയക്കുന്ന സംവിധാനമാണിത്. മീറ്ററുകളിലെ കൈകടത്തലുകള്‍ തടയാനും വരുമാനരഹിത ജലത്തിന്‍െറ അളവ് കുറക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
എസ്.എം.എസിലൂടെ ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാനുള്ള സംവിധാനമാണ് മറ്റൊന്ന്. കൂടാതെ, ജലവിതരണം തടസ്സപ്പെടുന്നതടക്കമുള്ള അറിയിപ്പുകള്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഇതിനായി മുഴുവന്‍ ഉപഭോക്താക്കളുടെയും വിവരശേഖരണം പുരോഗമിക്കുകയാണ്. പഴയ കണക്ഷനുകളില്‍ പലതിലും ഉപഭോക്താക്കളുടെ വിവരങ്ങള്‍ അപൂര്‍ണമാണ്.
ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസമടക്കം സമാഹരിക്കുന്നത്. പ്രത്യേക സോഫ്റ്റ്വെയര്‍ വികസിപ്പിച്ചാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. പരാതി എസ്.എം.എസായി അയക്കുന്നവര്‍ക്ക് സ്ഥിതിവിവരം പിന്തുടര്‍ന്ന് മനസ്സിലാക്കുന്നതിനും സംവിധാനമുണ്ടാകും. ജല ഉല്‍പാദനം, റീഡിങ്, ബില്ലിങ്, ജീവനക്കാരുടെ സേവനവേതനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങി ജല അതോറിറ്റിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി വെബ്സൈറ്റിന്‍െറ സഹായത്തോടെ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോം തയാറാക്കുന്നുണ്ട്. ഇതിന്‍െറ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി.
ജല ഉല്‍പാദനത്തിന്‍െറ കൃത്യമായ കണക്കുകള്‍ ലഭ്യമാകുന്നതിനുള്ള ബള്‍ക്ക് മീറ്റര്‍ സ്ഥാപിക്കലാണ് മറ്റൊരുപദ്ധതി. ഉല്‍പാദിപ്പിക്കുന്നതിന്‍െറ 35 ശതമാനം വെള്ളവും കണക്കില്‍പെടാതെ നഷ്ടമാകുന്നെന്നാണ് അനൗദ്യോഗിക കണക്ക്. അതായത് 1050 മില്യണ്‍ ലിറ്റര്‍ ഈ ഇനത്തില്‍ പോകുന്നതോടെ 1.57 കോടി രൂപയാണ് ജലഅതോറിറ്റിക്ക് പ്രതിദിനനഷ്ടം സംഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.