കോഴിക്കോട്: അസ്വാഭാവിക മരണം സംഭവിച്ചാൽ മൃതദേഹ പരിശോധനയും പോസ്റ്റ്മോർട്ടവും സമയബന്ധിതമായി പൂർത്തിയാക്കാൻ പൊലീസിനും ആരോഗ്യ വകുപ്പിനും ചീഫ് സെക്രട്ടറിയുടെ നിർദേശം. മരിച്ച് നാല് മണിക്കൂറിനകം ഇൻക്വസ്റ്റ് നടപടി പൂർത്തീകരിക്കണം. പ്രത്യേക കേസുകളാണെങ്കിൽ ഒരുമണിക്കൂർകൂടി അധികമെടുക്കാം.
അസ്വാഭാവിക മരണം സംഭവിച്ചതായി റിപ്പോർട്ട് ലഭിച്ചാൽ സമയപരിധിക്കകം ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കൽ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉത്തരവാദിത്തമാണെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇൻക്വസ്റ്റ് പൂർത്തീകരിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള ചെലവ് പൊലീസ് വഹിക്കണം.
എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും 24 മണിക്കൂർ മൃതദേഹ പരിശോധന നടത്തണമെന്ന് 2013ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. പിന്നീട് 2015ൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിലും കാസർകോട് ജനറൽ ആശുപത്രിയിലും രാത്രി മൃതദേഹ പരിശോധന നടത്തണമെന്ന് സർക്കാർ പ്രത്യേക ഉത്തരവും ഇറക്കി.
ഇതിനെതിരെ കേരള മെഡിക്കൊ ലീഗൽ സൊസൈറ്റി ഹൈകോടതിയിൽ ഹരജി ഫയൽചെയ്തു. എന്നാൽ, ഹരജി തള്ളിയ കോടതി, സർക്കാർ നേരത്തെ ഇറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് നിർദേശിച്ചു. പൊലീസ്, ആരോഗ്യവകുപ്പ് മേധാവികളുടെ യോഗം വിളിച്ചുചേർത്ത് ഇൻക്വസ്റ്റും പോസ്റ്റമോർട്ടവും സമയബന്ധിതമായി നടപ്പാക്കാൻ നിർദേശിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.
കോടതി നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ പുതിയ സർക്കുലർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.