താമിർ ജിഫ്രിക്ക് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ശരീരത്തിൽ 21 മുറിവുകൾ

മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക് ക്രുരമർദനമേറ്റതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ 21 മുറിവുകളുണ്ടെന്നും ഇതിൽ 19 എണ്ണം മരിക്കുന്നതിന് കുറച്ച് മുമ്പുള്ളതാണെന്നും വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ലാത്തികൊണ്ട് മർദനമേറ്റതിന്റെ അടയാളങ്ങൾ ഉള്ളതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജൂലൈ 31 ന് രാത്രി 11.25നും ഓഗസ്റ്റ് ഒന്നിന് പുലർച്ചെ 5.25നും ഇടക്കാണ് മരണമെന്നാണ് സൂചന. മർദനത്തെ തുടർന്ന് ​ശ്വാസകോശത്തിൽ നീർക്കെട്ട് വന്നതാണ് പെട്ടെന്നുള്ള മരണകാരണമായത്. ഹൃദ്രോഗിയായിരുന്നു താമിർജിഫ്രി. ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പുറത്തും കാലിനടിയിലും മർദനത്തിന്റെ പാടുകളുണ്ട്. കാൽമുട്ടിനും കൈവിരലുകൾക്കും പരിക്കുണ്ട്.പോസ്റ്റ്മോർട്ടം നടപടികളുമായി പൊലീസ് സഹകരിച്ചില്ല എന്നും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഓഗസ്റ്റ് ഒന്ന് പുലർച്ചെയാണ് പൊലീസ് താമിർജിഫ്രിയെ മരിച്ച നിലയിൽ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവന്നത്. മയക്കുമരുന്നു കേസിൽ പിടിയിലായ താമിറിനെ സ്പെഷ്യൽ സ്ക്വാഡ് പുറത്തെ കേന്ദ്രത്തിൽ കൊണ്ടുപോയി മർദിച്ചതായി ആരോപണമുയർന്നിരുന്നു. സംഭവത്തിൽ എസ് ഐ ഉൾപ്പെടെ എട്ടു പേരെ സർവീസിൽ നിന്ന് സസ് പെൻഡ് ചെയ്തിരുന്നു.

പൊലീസ് തന്റെ സഹോദരനെ കൊന്നതാണെന്നും നീതി ലഭിക്കാൻ ഏതറ്റം വരെയും ​പോകുമെന്നും ബന്ധുക്കൾ പറഞ്ഞു. കേസിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസിനെതിരെയുള്ള അന്വേഷണം പൊലീസ് വിഭാഗം തന്നെ അന്വേഷിച്ചാൽ സത്യം പുറത്തുവരില്ല. മറ്റൊരു ഏജൻസി അന്വേഷിക്കണം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്.



Tags:    
News Summary - Autopsy Report Says Tamir Was Brutally Beaten In Custody; 21 wounds on the body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.