കോഴിക്കോട്: വഖഫ് നിമനങ്ങൾ പി.എസ്.സിക്കുവിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകളുടെ ഏകോപന സമിതി ആഹ്വാന പ്രകാരം പള്ളികളിൽ ബോധവത്കരണം നടന്നു. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങൾ നേതൃത്വം നൽകുന്ന പള്ളികളിലും മുസ്ലിംലീഗിന് സ്വാധീനമുള്ള സമസ്ത ഇ.കെ വിഭാഗത്തിെൻറ ചില പള്ളികളിലുമാണ് ഇതുസംബന്ധിച്ച ബോധവത്കരണം നടന്നത്.
വഖഫ് സ്വത്തുക്കളുടെ സംരക്ഷണം വിശ്വാസികളെയാണ് ഏൽപിക്കേണ്ടതെന്നും ഇക്കാര്യത്തിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് വിവേചന തീരുമാനമുണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നും ജുമുഅ പ്രാർഥനയോടനുബന്ധിച്ച ഉൽബോധനത്തിൽ പ്രഭാഷകർ വ്യക്തമാക്കി.
ദൈവത്തിെൻറ പേരിൽ ദാനമായി നൽകുന്ന വഖഫ് സ്വത്തുക്കൾ നശിക്കുന്നതും അനർഹമായി കൈക്കലാക്കുന്നതും കരുതിയിരിക്കണം. വഖഫ് വിഷയത്തിലെന്നപോലെ മറ്റു പല വിഷയങ്ങളിലും മുസ്ലിം സമുദായം വിവേചനം നേരിടുന്നതായും ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധമുയരേണ്ടതുണ്ടെന്നും ഖത്തീബുമാർ ഓർമിപ്പിച്ചു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിടുന്നതിനെതിരെ പ്രക്ഷോഭം നടത്താൻ സമസ്ത ഇ.കെ വിഭാഗം ഉൾപ്പെടെ പങ്കെടുത്ത മുസ്ലിം സംഘടനകളുടെ സംയുക്ത നേതൃയോഗത്തിൽ തീരുമാനിച്ചിരുന്നു.
എന്നാൽ, വെള്ളിയാഴ്ച ബോധവത്കരണം നടത്തുന്നതിൽനിന്ന് സമസ്ത പിന്മാറുന്നതായി അധ്യക്ഷൻ മുഹമ്മദ് ജിഫ്രി തങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിച്ചു. അതേസമയം, ഡിസംബർ ഏഴിന് പഞ്ചായത്തുതലത്തിൽ നടത്തുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് സമസ്ത നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.കേരള നദ്വത്തുൽ മുജാഹിദീന്‍ കീഴിലുള്ള രണ്ടായിരത്തിലധികം പള്ളികളിൽ വഖഫ് സംരക്ഷണത്തിെൻറ പ്രാധാന്യവും പ്രസക്തിയും വിശ്വാസികളെ ബോധവത്കരിക്കുന്ന ഖുതുബ നടന്നുവെന്ന് കെ. എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലകോയ മദനി പ്രസ്താവനയിൽ അറിയിച്ചു. മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി തീരുമാനിക്കുന്ന മറ്റു പ്രതിഷേധ പരിപാടികളുമായി കെ.എൻ.എം മുന്നോട്ടുപോകുമെന്നും സർക്കാർ വഖഫ് വിഷയത്തിൽ എടുത്ത തീരുമാനം പിൻവലിക്കുംവരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.