മഞ്ചേരി: ഉമ്മവെച്ച് താലോലിക്കേണ്ട കുരുന്നുകളുടെ ജീവനറ്റ ശരീരവും കൈയ്യിലേന്തി ഖബറിനരികിൽ ശരീഫ് നിന്നു. അവസാനമായി മൂന്ന് പിടി മണ്ണ് വാരിയിട്ട് പ്രാർഥനാനിരതനായ ആ പിതാവിനെ കണ്ടുനിൽക്കാനാവാതെ കൂടെയുണ്ടായിരുന്നവരുടെ ഹൃദയം നുറുങ്ങി.
ചികിത്സിക്കാൻ ആശുപത്രികൾ വിസമ്മതിച്ചതിനെ തുടർന്ന് മരിച്ച കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി മുഹമ്മദ് ഷരീഫ്-ഷഹ്ല തസ്നി ദമ്പതികളുടെ ഗർഭസ്ഥ ശിശുക്കൾക്കാണ് വേദനയോടെ വിടനൽകിയത്. ഞായറാഴ്ച ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടികൾക്ക് ജീവൻ നഷ്ടമായിരുന്നു. മെഡിക്കൽ കോളജിൽനിന്ന് മൃതദേഹം ഉച്ചയോടെ കിഴിശ്ശേരി തവനൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ആദ്യത്തെ കൺമണികളെ താലോലിക്കാൻ കാത്തിരുന്നവൻ അവരുടെ ഖബറിനരികിൽ നിൽക്കുന്ന കാഴ്ച കണ്ടവരുടെയൊക്കെ കണ്ണുനിറച്ചു.
അധികൃതരുടെ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്. അതുകൊണ്ട് തന്നെയാണ് 'എെൻറ മക്കളെ കൊന്നതാണെന്ന്' ആ പിതാവിന് ഉറക്കെ വിളിച്ചുപറയേണ്ടി വന്നതും. ശനിയാഴ്ച പുലർച്ച നാലിന് മഞ്ചേരി മെഡിക്കൽ േകാളജിലാണ് ഇവർ ആദ്യം ചികിത്സ തേടിയെത്തിയത്. എന്നാൽ, മെഡിക്കൽ േകാളജ് കോവിഡ് ആശുപത്രിയാണെന്നും യുവതി കോവിഡ് നെഗറ്റിവ് ആയതിനാൽ മറ്റ് ആശുപത്രികളെ സമീപിക്കണമെന്നും അധികൃതർ പറഞ്ഞു. ഇതോടെ മറ്റ് ആശുപത്രികളെ സമീപിച്ചെങ്കിലും ചികിത്സക്ക് ആൻറിജൻ ഫലം പോരെന്നും ആർ.ടി.പി.സി.ആർ ഫലം തന്നെ വേണമെന്നും ഇവർ നിർബന്ധം പിടിച്ചു.
ഇതോടെ 14 മണിക്കൂറാണ് യുവതിയും കുടുംബവും ചികിത്സ തേടി ആശുപത്രികൾ കയറിയിറങ്ങിയത്. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും കുഞ്ഞുങ്ങളുടെ ഹൃദയമിടിപ്പ് നിലച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന മാതാവിനെ ഐ.സി.യുവിൽനിന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.