പാലക്കാട് മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ബാബു പൂർണ്ണ ആരോഗ്യവാനാണെന്ന് ഡി.എം.ഒ റീത്ത ഉൾപ്പെടെയുള്ളവർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും അടക്കം വലിയൊരു ആൾക്കൂട്ടം ആശുപത്രിയിൽ എത്തിയിരുന്നു. ചിലർ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും രംഗത്തെത്തി. വെള്ളവും ഭക്ഷണവുമില്ലാതെ 40 മണിക്കൂറിലേറെ മലമ്പുഴ കൂര്‍മ്പാച്ചി മലയിടുക്കില്‍ ഒറ്റപ്പെട്ടുകഴിഞ്ഞ ബാബു ആരോഗ്യനില വീണ്ടെടുത്തു. ബുധനാഴ്ച ഉച്ചമുതല്‍ ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ് യുവാവ് മലയിടുക്കിൽ ഒറ്റപ്പെട്ടിട്ടും മണിക്കൂറുകൾ പിടിച്ചുനിന്നത്. നിരവധി രക്ഷാ പ്രവർത്തനങ്ങൾ പരാജയപ്പെട്ടതിനൊടുവിൽ കരസേനയെത്തിയാണ് ബാബുവിനെ മലയിടുക്കിൽനിന്നും രക്ഷപെടുത്തിയത്.
ഇത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ബാബുവിന്റെ മാതാവ് റഷീദ പറഞ്ഞു. എല്ലാവരോടും നന്ദി പറയുന്നു. എല്ലാത്തിനും കൂടെ നിന്നവർക്കും സൈനികർക്കും ബിഗ് സല്യൂട്ട്. ബാബുവിന് വേണ്ടി പ്രാർത്ഥിച്ച സകലരോടും നന്ദി പറയുന്നു. ചോദിക്കാതെ തന്നെ പലരും സഹായിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കുട്ടികള്‍ ആരും വനംവകുപ്പിന്റെ അനുവാദം ഇല്ലാതെ വനമേഖലകളിൽ കയറാതിരിക്കണമെന്നും ഇങ്ങനെ ഒരു സാഹചര്യം ഇനി ഉണ്ടാകാതെ നോക്കണമെന്നും റഷീദ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂര്‍മ്പാച്ചിമല കയറാന്‍ പോയത്. പകുതിവഴി കയറിയപ്പോള്‍ കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടര്‍ന്നു. മലയുടെ മുകള്‍ത്തട്ടില്‍നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്. 48 മണിക്കൂറിനു ശേഷം സൈന്യവും എൻ.ഡി.ആർ.എഫും പൊലീസും പർവതാരോഹകരും ഐ.ആർ.ഡബ്ല്യു അടക്കമുള്ള സന്നദ്ധ സംഘടനകളും ചേർന്നാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. ആശുപത്രിയിൽ കഴിയുമ്പോഴും ബാബുവിനെ തേടി നിരവധി പേരാണ് എത്തിയത്. പലരും നേർച്ചകളും വഴിപാടുകളും നടത്തി ഉമ്മ റഷീദയെ വിവരം അറിയിച്ചു. എല്ലാവരോടും നന്ദിയും കടപ്പാടും സ്നേഹവുമുണ്ടെന്ന് റഷീദ പറഞ്ഞു് മലയിൽ കുടുങ്ങിയെങ്കിലും പേടിച്ചില്ല. ആരെങ്കിലും വന്ന് രക്ഷിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.