തിരുവനന്തപുരം: അച്ചടി വകുപ്പിൽ സ്വജനപക്ഷപാതവും വഴിവിട്ട നിയമനങ്ങളും തകൃതി. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ പത്തോളം പിൻവാതിൽ നിയമനം നടന്നു. മുൻകൂർ അനുമതി വാങ്ങിയശേഷമേ വകുപ്പിൽ വർക്കിങ് അറേഞ്ചുമെൻറുകളും അദർ ഡ്യൂട്ടി നിയമനങ്ങളും നൽകാവൂ എന്ന ഉത്തരവ് അവഗണിച്ച് 50ലേറെ ജീവനക്കാർക്ക് വിവിധ സെക്ഷനുകളിൽ അദർ ഡ്യൂട്ടി നിയമനം നൽകി. നിയമനം ലഭിച്ചവരിൽ അധികവും ഇടത് സംഘടന നേതാക്കളും അനുഭാവികളുമാണ്. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ സർക്കാർ പ്രസുകളിൽ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങിയവയിൽ വൻ അഴിമതി നടന്നതായി വിവരാവകാശ കമീഷൻ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ വിവരങ്ങളും പുറത്തുവന്നത്.
ഇടത് സംഘടന നേതാക്കളെ ചട്ടവിരുദ്ധമായി ഔട്ട് ടേണിൽ നിന്നൊഴിവാക്കി ഇഷ്ട സെക്ഷനിൽ നിയമിച്ചു. ഓഫിസ് അറ്റൻഡൻറുമാർക്ക് പകരം സാങ്കേതികവിഭാഗത്തിലെ ലാസ്കർ, പായ്ക്കർ, എസ്.എൽ.ആർ ജീവനക്കാരാണ് ഡയറക്ടറുടെയും സൂപ്രണ്ടിെൻറയും ഓഫിസിൽ ജോലി ചെയ്യുന്നത്. പ്രസ് മാന്വലിനും സ്പെഷൽ റൂളുകൾക്കും വിരുദ്ധമായി സാങ്കേതികവിഭാഗം ജീവനക്കാർ മിനിസ്റ്റീരിയൽ വിഭാഗത്തിൽ ജോലി ചെയ്യുന്നതായും വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു.
അച്ചടിവകുപ്പിലെ ജനറൽ സ്റ്റോറിൽ മൂന്ന് സാങ്കേതികവിഭാഗം ജീവനക്കാരെ തിരുകിക്കയറ്റി. കമ്പ്യൂട്ടിങ്, ബൈൻറിങ്, പ്രിൻറിങ് സെക്ഷനുകളിൽനിന്ന് ജീവനക്കാരെ പരസ്പരം മാറ്റി നിയമിച്ചു.
ഐ.ടി ഡിവിഷനിൽ ഉത്തരവില്ലാതെ രണ്ട് ജീവനക്കാർക്ക് അദർ ഡ്യൂട്ടി അനുവദിച്ചു. വൻ തുക കോഴ വാങ്ങിയാണ് വഴിവിട്ട നിയമനങ്ങളെന്ന് ആരോപണമുണ്ട്. വിജിലൻസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ഒരുവിഭാഗം ജീവനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.