കൊച്ചി: കേരള സർവകലാശാല സെനറ്റിന്‍റെ വിദ്യാർഥി മണ്ഡലത്തിലേക്കുള്ള ഗവർണറുടെ (ചാൻസലർ) നാമനിർദേശം ഹൈകോടതി റദ്ദാക്കി. സെനറ്റിലേക്ക് നാമനിർദേശം നടത്താൻ ചാൻസലർക്ക് അമിതവും അനിയന്ത്രിതവുമായ അധികാരങ്ങളില്ലെന്നും ചട്ടങ്ങൾ മറികടന്നാണ് നിയമനമെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്. ഹരജിക്കാരെ കൂടി പരിഗണിച്ച് ആറാഴ്ചക്കകം പുതിയ നാമനിർദേശം നടത്താനും കോടതി നിർദേശിച്ചു. അതേസമയം, സെനറ്റിലേക്ക് വിദ്യാഭ്യാസ വിദഗ്ധരെ നാമനിർദേശം ചെയ്തതിനെതിരെ നൽകിയ മറ്റൊരു ഹരജി കോടതി തള്ളി.
സർവകലാശാല പട്ടികയിലുൾപ്പെട്ട അരുണിമ അശോക്, ടി.എസ്. കാവ്യ, നന്ദകിഷോർ, പി.എസ്. അവന്ത് സെൻ എന്നിവർ ചാൻസലർ നടത്തിയ നാമനിർദേശങ്ങൾ ചോദ്യം ചെയ്ത് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇവർക്കുപകരം എ.ബി.വി.പി പ്രവർത്തകരായ അഭിഷേക്. ഡി. നായർ (ഹ്യുമാനിറ്റീസ്), എസ്.എൽ. ധ്രുവിന്‍ (സയൻസ്), മാളവിക ഉദയന്‍ (ഫൈൻ ആർട്‌സ്), സുധി സുധന്‍ (സ്‌പോർട്‌സ്) എന്നിവരെയാണ് ചാൻസലർ നാമനിര്‍ദേശം ചെയ്തത്. ഈ നടപടിയാണ് കോടതി റദ്ദാക്കിയത്.
നോമിനേഷന് പ്രത്യേക നടപടിക്രമങ്ങളില്ലെന്ന ചാൻസലറുടെ വാദം ശരിയാണെങ്കിലും നിയമനങ്ങൾ ചട്ടങ്ങൾ മറികടന്നാകരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. നാമനിർദേശം ചെയ്യുന്നവർ മേഖലയിൽ കഴിവ് തെളിയിച്ചവരാകണമെന്ന ചട്ടം പാലിച്ചിട്ടില്ല. സർക്കാർ നിർദേശിച്ച പട്ടികയിലുള്ള ഹരജിക്കാരെക്കാൾ ഇവർക്ക് എന്താണ് കൂടുതൽ യോഗ്യത എന്നതിന് മറുപടി നൽകാനായിട്ടില്ല. നാമനിർദേശം ചെയ്യപ്പെട്ടവർക്ക് ഗവർണറുടെ പ്രീതിയുണ്ടെന്ന വാദം വ്യക്തമായ മറുപടിയല്ല. ഗവർണറുടെയും സർക്കാറിന്‍റെയും ‘പ്രീതി’ എന്ന സിദ്ധാന്തം ഉത്തരമല്ല- കോടതി വ്യക്തമാക്കി.
ഇതിനിടെ, അക്കാദമിക് വിദഗ്ധരായി സർക്കാർ നിർദേശിച്ച ജി. മുരളീധരൻ പിള്ള, ഡോ. ഷിജുഖാൻ, ആർ. രാജേഷ് എന്നിവർക്ക് യോഗ്യതയില്ലെന്നാരോപിച്ച് ഡോ. കെ.എൻ. മധുസൂദനൻ പിള്ള നൽകിയ ഹരജി കോടതി തള്ളി. ഒട്ടേറെ ക്രിമിനൽ കേസുകൾ ഇവർക്കെതിരെ നിലവിലുണ്ടെന്നായിരുന്നു വാദം. എന്നാൽ, ഇവർ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവരല്ലെന്ന് പറയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുരംഗത്തെ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകളാണ് ഇവർക്കെതിരെയുള്ളത്. ഈ കേസുകളിൽ ഇവർ ശിക്ഷിക്കപ്പെട്ടിട്ടുമില്ല. അതിനാൽ, ഇവരുടെ നാമനിർദേശത്തിൽ അപാകതയില്ലെന്ന് വിലയിരുത്തിയ കോടതി ഹരജി തള്ളുകയായിരുന്നു.
INNER BOX
ഗവർണർ നിർദേശിച്ചത് കുറഞ്ഞ യോഗ്യതക്കാരെ
കൂടുതൽ യോഗ്യതയുള്ളവർക്കുപകരം കുറഞ്ഞ യോഗ്യതക്കാരെയാണ് ചാൻസലർ നാമനിർദേശം ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രസക്തമായത് അവഗണിക്കുകയും അപ്രസക്തമായതിനെ സ്വീകരിക്കുകയും ചെയ്യുന്ന നടപടി ഉത്തരവാദപ്പെട്ടവരിൽനിന്നുണ്ടാകുമ്പോൾ കോടതിയുടെ ഇടപെടലുണ്ടാകും. വിവേചനാധികാരം പ്രയോഗിക്കേണ്ടത് നിഷ്പക്ഷവും നീതി പൂർവകവുമായാണ്. ഹരജിക്കാരിൽ റാങ്ക് ജേതാവും കലാപ്രതിഭയും കായികപ്രതിഭയുമുണ്ട്. ഇവരെ തഴഞ്ഞ് ചാൻസലർ നിർദേശിച്ചവർ മേളകളിൽ പങ്കെടുത്തിട്ടുണ്ടെന്നല്ലാതെ കഴിവ് തെളിയിച്ചവരല്ല. നിർദേശിക്കപ്പെടുന്നവർ റാങ്ക് പോലുള്ള ഉന്നത സ്ഥാനീയരാകണമെന്ന് നിബന്ധനയില്ലെങ്കിലും ഇവരുടെ പേര് പട്ടികയിലുൾപ്പെട്ടിരിക്കെ, യോഗ്യത കുറഞ്ഞവരെ നാമനിർദേശം ചെയ്തതിൽ ന്യായീകരണമില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.