കൊട്ടാരക്കര: കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി. ഗണേഷ് കുമാറിന് മന്ത്രിസഭയിൽ ആദ്യ ഉൗഴം ലഭിക്കാത്തതിന് പിന്നിൽ പിതാവ് അന്തരിച്ച ആർ. ബാലകൃഷ്ണപിള്ള കുടുംബസ്വത്ത് ഭാഗംെവക്കാൻ തയാറാക്കിയ ഒസ്യത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന റിപ്പോർട്ടുകൾക്കിടെ, വിൽപത്ര വിശദാംശങ്ങൾ പുറത്തുവന്നു. പിള്ളയുടെ മൂത്ത മകൾ ഉഷാ മോഹൻദാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് ഗണേഷിന് ആദ്യ ഊഴം നൽകാതെ മാറ്റിനിർത്തിയതെന്നായിരുന്നു റിപ്പോർട്ട്.
മക്കളായ ഗണേഷ് കുമാർ, ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ, രണ്ട് ചെറുമക്കൾ എന്നിവർക്കും ആർ. ബാലകൃഷ്ണപിള്ള ചാരിറ്റി ട്രസ്റ്റിനുമായാണ് വസ്തുവകകൾ വില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നാണ് വിവരം. ആദ്യ വില്ലിൽ മാറ്റംവരുത്തിയത് കൃത്രിമത്തിലൂടെയാണെന്ന ആക്ഷേപം ശരിയല്ലെന്ന് പിള്ളയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും വില്ലിലെ സാക്ഷിയുമായ പ്രഭാകരൻ നായർ പറയുന്നു. പ്രഭാകരൻ നായരുടെ സാന്നിധ്യത്തിലാണ് വിൽപത്രം തയാറാക്കിയത്. രജിസ്റ്റർ ചെയ്യാത്ത, അടച്ച വില്ലായിരുന്നു ആദ്യത്തേത്. അതിൽ ഗണേഷിന് വസ്തുവകകൾ നീക്കിെവച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ആഗസ്റ്റിൽ ഇതിൽ മാറ്റംവരുത്താൻ പിള്ള തീരുമാനിച്ചു. ഇതനുസരിച്ച് ആയൂർ ജങ്ഷനിലെ 15 ഏക്കർ ഉഷ മോഹൻദാസിനാണ്. ഏറ്റവുമധികം ഓഹരി കിട്ടുന്നതും അവർക്കാണെന്ന് പ്രഭാകരൻ നായർ പറയുന്നു.
വാളകത്തെ ആർ.വി.എച്ച്.എസ് സ്കൂളും വാളകത്തെ കുടുംബവീടും കൊട്ടാരക്കരയിലെ കീഴൂട്ട് വീടിനോട് ചേർന്നുള്ള 12 സെൻറ് വസ്തുവും ഗണേഷിനാണ്. വാളകത്തെ ബി.എഡ് കോളജും കൊട്ടാരക്കരയിലെ പാർട്ടി ഓഫിസും സഹകരണബാങ്കിന് വാടകക്ക് നൽകിയിരിക്കുന്ന കെട്ടിടവും ആർ. ബാലകൃഷ്ണപിള്ള ചാരിറ്റി ട്രസ്റ്റിനാണ്. കൊട്ടാരക്കരയിലെ കീഴൂട്ട് വീട് മകൾ ബിന്ദുവിനും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.