തൃശൂർ: ബാലകൃഷ്ണൻ ഇവിടെയുണ്ട്. കസ്റ്റഡി മർദനത്തിെൻറ പേരിൽ ആദ്യവധശിക്ഷ കിട്ടിയ പൊലീസുകാരൻ. ഇപ്പോൾ മണലൂരിൽ താമസിക്കുകയാണ് 74കാരനായ വടക്കൂട്ട് ബാലകൃഷ്ണൻ. മൂന്ന് പതിറ്റാണ്ട് മുമ്പ് മലക്കപ്പാറ സ്റ്റേഷനിൽ ആദിവാസി വൃദ്ധൻ രാമൻകുട്ടി കൊല്ലപ്പെട്ട കേസിലാണ് ജില്ല അഡീഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
‘1982 സെപ്റ്റംബർ 22നാണ് സംഭവം. തൊട്ടുതലേന്നാണ് സ്റ്റേഷൻ നിലവിൽ വന്നത്. ആനക്കൊമ്പിെൻറ കഷണം പിടിച്ചെടുത്തതിനെ തുടർന്നാണ് മലയ ഗോത്രത്തിൽപെട്ട രാമൻകുട്ടിയെ(64) കസ്റ്റഡിയിലെടുത്തത്. ബാക്കി ആനക്കൊമ്പ് എവിടെ എന്ന് ചോദിച്ചായിരുന്നു മർദനം. ചവിട്ടുകയും ഇടിക്കുകയും ചെയ്തതിനെത്തുടർന്ന് വാരിയെല്ല് ഒടിയുകയും ശരീരഭാഗങ്ങളിൽ ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു’... അന്ന് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ കെ.ആർ. വാരിജാക്ഷൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പാലക്കാട് മുണ്ടൂരിനടുത്ത് കയറാംകോട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം അന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയായിരുന്നു. രാമൻകുട്ടിയെ പിറ്റേന്നാണ് ചാലക്കുടി ഗവ. ആശുപത്രിയിൽ എത്തിച്ചത്. അവിടെവെച്ചായിരുന്നു മരണം.
സംഭവം അറിഞ്ഞയുടൻ താനും തൃശൂർ ജില്ലയുടെ ചുമതലയുണ്ടായിരുന്ന എറണാകുളം ഡി.െഎ.ജി എൻ. കൃഷ്ണൻ നായരും സ്റ്റേഷനിൽ എത്തി. പ്രാഥമികാേന്വഷണത്തിൽ കുറ്റകൃത്യം വ്യക്തമായതിനാൽ ബാലകൃഷ്ണനെയും എസ്.െഎ അരവിന്ദാക്ഷൻ മേനോനെയും അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽനിന്ന് ബാലകൃഷ്ണെന തടയാത്തതിനായിരുന്നു എസ്.െഎയുടെ അറസ്റ്റ്. ബാലകൃഷ്ണനെ വധശിക്ഷക്കും എസ്.െഎയെ തടവിനും ശിക്ഷിച്ചിരുന്നു.
അതേസമയം, കേസിൽ തന്നെ ബലയാടാക്കുകയായിരുന്നുവെന്ന് ബാലകൃഷ്ണൻ പ്രതികരിച്ചു. ആനക്കൊമ്പ് കൈവശം വെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമാണ് ആദിവാസി വൃദ്ധനെ സ്റ്റേഷനിൽ കൊണ്ടു വന്നത്. താൻ സ്റ്റേഷൻ റൈറ്ററായിരുന്നു. അന്ന് സ്റ്റേഷൻ ചുമതല എനിക്കായിരുന്നു. എസ്.െഎ ചാഴൂർ സ്വദേശി അരവിന്ദാക്ഷ േമനോൻ സ്ഥലത്തുണ്ടായിരുന്നില്ല. ആനക്കൊമ്പിനെ കുറിച്ച് പലവട്ടം ചോദിച്ചിട്ടും മറുപടി പറയാതായപ്പോൾ രാമൻകുട്ടിയുടെ ചെകിട്ടത്ത് അടിച്ചു. കേസിൽ ആരോപിക്കപ്പെട്ടപോലെ മർദിച്ചില്ല. താൻ നിരപരാധിയാണ് -ബാലകൃഷ്ണൻ പറഞ്ഞു.
കേസിൽ ജില്ല അഡീഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. തുടർന്ന് താൻ നൽകിയ അപ്പീലിൽ ഹൈകോടതി ശിക്ഷ ഒരു വർഷമാക്കി. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു തടവ്. അതോടെ ജോലി പോയി. ഹൈകോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോയി. അതേത്തുടർന്ന് വീണ്ടും ഒന്നര വർഷം ശിക്ഷ അനുഭവിക്കേണ്ടി വന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം നാടകാഭിനയം തൊഴിലായി സ്വീകരിച്ച ബാലകൃഷ്ണൻ ജീവിതത്തിലെ ദുരന്തനാടകത്തിെൻറ ഒാർമകൾക്ക് കർട്ടനിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.