കോഴിക്കോട്: ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ച സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. തൃക്കുറ്റിശ്ശേരി വാഴയിന്റെ വളപ്പിൽ ജിഷ്ണുവിനെയാണ് (22) ആൾക്കൂട്ടം മർദിച്ചത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്.ഐ.ആറിലുണ്ട്.
എസ്.ഡി.പി.ഐയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലനിന്ന തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പാലോളി മുക്കിൽവെച്ച് വ്യാഴാഴ്ച പുലർച്ച ജിഷ്ണുവിനെ പിടികൂടിയ സംഘം മർദിച്ച ശേഷം മൂന്നു മണിയോടെയാണ് ബാലുശ്ശേരി പൊലീസിൽ ഏല്പിച്ചത്. 30ഓളം പേർ ചേർന്ന് മർദിച്ചതായി ജിഷ്ണു പറഞ്ഞു. ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിന് ജിഷ്ണുവിന്റെ പേരിൽ ബാലുശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഫ്ലക്സ് നശിപ്പിക്കാൻ വടിവാളുമായെത്തിയ ജിഷ്ണുവിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നുവെന്നും ബോർഡും കൊടിയും നശിപ്പിക്കാൻ പറഞ്ഞുവിട്ട സി.പി.എം പ്രാദേശിക നേതാക്കളുടെ പേര് ജിഷ്ണു വെളിപ്പെടുത്തിയെന്നും എസ്.ഡി.പി.ഐ പ്രവർത്തകർ പറഞ്ഞു.
അതേസമയം, പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ ബൈക്ക് തടഞ്ഞുനിർത്തി മൂന്നംഗ സംഘം ആദ്യം മർദിക്കുകയും പിന്നീട് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി കൂട്ടമായി മർദിക്കുകയുമായിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു. തോട്ടിലെ വെള്ളത്തിൽ തല പലതവണ മുക്കിയും വടിവാൾ കഴുത്തിൽവെച്ചും ഭീഷണിപ്പെടുത്തി. സി.പി.എം നേതാക്കൾ പറഞ്ഞിട്ടാണ് കൊടിതോരണങ്ങളും ബോർഡും നശിപ്പിച്ചതെന്നു നിർബന്ധിപ്പിച്ച് പറയിപ്പിക്കുകയും ഇത് വിഡിയോയിൽ പകർത്തുകയും ചെയ്തതായി ജിഷ്ണു പൊലീസിൽ മൊഴി നൽകി.
ബൈക്കിന്റെ ഇന്ധനം തീർന്നുപോയെന്ന് പറയിപ്പിച്ച് മൂന്നു സുഹൃത്തുക്കളെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഇതിൽ സഹോദരനടക്കം രണ്ടുപേരെ സംഘത്തിൽപെട്ടവർ മർദിക്കുകയും ചെയ്തതായി ജിഷ്ണു പറഞ്ഞു. രണ്ടു മണിക്കൂറോളം ആൾക്കൂട്ട മർദനത്തിനിരയായ ശേഷമാണ് പൊലീസിനെ അറിയിച്ചത്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ജിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയും സാരമായ പരിക്കേറ്റതിനാൽ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏതാനും മാസംമുമ്പ് പാലോളി മുക്കിലെ ആലേഖ ലൈബ്രറിക്കുനേരെ ആക്രമണമുണ്ടായിരുന്നു. വീടുകൾക്കുനേരെ നിരന്തര ആക്രമണം നടന്നതായും ലീഗിന്റെ കൊടിമരവും തോരണങ്ങളും നശിപ്പിച്ചതായും നേരത്തെതന്നെ പരാതി ഉയർന്നിട്ടുണ്ട്. ലീഗിനെയും എസ്.ഡി.പി.ഐയെയും തമ്മിലടിപ്പിച്ചു രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും ഇത്തരം ഹീനപ്രവർത്തനത്തിനുപിന്നിലെ നേതാക്കളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.