തൃശൂർ: രണ്ട് ഓഫിസർ സംഘടനകൾ ബഹിഷ്കരണം തുടരുന്നതിനിടെ, രാജ്യത്തെ ബാങ്ക് ജീവന ക്കാരുടെ വേതന പരിഷ്കരണ ചർച്ച പുനരാരംഭിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോ ടെ നിർത്തിവെച്ച ചർച്ചയാണ് ഈമാസം 19ന് പുനരാരംഭിക്കുന്നത്.
ഓഫിസർമാരുടെ ഏറ്റ വും വലിയ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷനും ചെറിയ സംഘടനയായ നാഷനൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫിസേഴ്സും ചർച്ചകളിൽനിന്ന് വിട്ടുനിൽക്കുകയാണ്. ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) ഇത്തരമൊരു അന്തഛിദ്രം നേരിടുന്ന പശ്ചാത്തലത്തിലാണ് ബുധനാഴ്ച രാവിലെ മാനേജ്മെൻറുകളുടെ ഏകോപന സംവിധാനമായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐ.ബി.എ) മുംബൈയിൽ ചർച്ച.
2017 നവംബറിൽ അവസാനിച്ച വേതന കരാർ പരിഷ്കരിക്കാനാണ് ചർച്ച. ആദ്യ ചർച്ചകളിൽ വേതനത്തിൽ രണ്ട് ശതമാനം മാത്രം വർധനവാണ് ഐ.ബി.എ പറഞ്ഞത്. ഓരോ ബാങ്കും ലാഭം ഉണ്ടാക്കുന്നതിനനുസരിച്ച് അതത് ബാങ്കിൽ നിശ്ചിത തോതിൽ വർധന കൂടി അനുവദിക്കാമെന്നും ഐ.ബി.എ നിർദേശിച്ചു. ജീവനക്കാരുടെ സംഘടനകൾ കൂട്ടത്തോടെ എതിർത്തതോടെ ലാഭാധിഷ്ഠിത വേതന വർധന എന്ന ആശയം ഐ.ബി.എ മരവിപ്പിച്ചു. രണ്ട് ശതമാനം ഒടുവിൽ 10 വരെ എത്തി.
അതേസമയം; ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ വേതനം പരിഷ്കരിക്കണമെന്നാണ് ബഹിഷ്കരിക്കുന്ന രണ്ട് സംഘടനകളുടെ ആവശ്യം. ചീഫ്/ഡിവിഷനൽ മാനേജർ തസ്തിക വരുന്ന ക്ലാസ് അഞ്ച് വേതനം പരിഷ്കരിക്കാൻ തയാറാണെന്ന് ബാങ്കുകൾ ഐ.ബി.എയെ അറിയിച്ചു. എന്നാൽ ഡെപ്യൂട്ടി ജനറൽ മാേനജർ തസ്തിക വരുന്ന ക്ലാസ് ആറ്, ജനറൽ മാനേജർ തസ്തിക ഉൾപ്പെടെ ക്ലാസ് ഏഴ് എന്നിവക്കും വർധന ബാധകമാക്കണം എന്ന് വിട്ടുനിൽക്കുന്ന സംഘടനകൾ ആവശ്യപ്പെടുന്നു. ഈ രണ്ട് തസ്തികകൾ ചേർന്നാൽ ആകെ 2,300 ഓഫിസർമാരാണുള്ളത്. 19 പൊതുമേഖല ബാങ്കുകളിൽ എസ്.ബി.ഐ, കനറ, ഇന്ത്യൻ, ബാങ്ക് ഓഫ് ബറോഡ, ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്സ് എന്നിവ മാത്രമാണ് ലാഭത്തിൽ. ഇവയെല്ലാം ചേർന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 2019.76 കോടി രൂപ ലാഭം നേടിയപ്പോൾ മറ്റ് 14 ബാങ്കുകളുടെ മൊത്തം നഷ്ടം 57,835 കോടി രൂപയാണ്. വേതന വർധനവിൽ ഈ യാഥാർഥ്യവും ഉൾക്കൊള്ളണമെന്നാണ് ഐ.ബി.എയുടെ വാദം. ഇക്കാര്യത്തിൽ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽവന്ന എൻ.ഡി.എ നിലപാടും നിർണായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.