തിരുവനന്തപുരം: കശാപ്പ് നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഭരണപക്ഷവും യു.ഡി.എഫും രംഗത്തെത്തി. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കെ. രാജു, വി.എസ്. സുനിൽകുമാർ, ജി. സുധാകരൻ, കെ.ടി. ജലീൽ എന്നിവർ രംഗത്തുവന്നു. യു.ഡി.എഫ് നേതാക്കളും ഇക്കാര്യത്തിൽ കേന്ദ്രതീരുമാനത്തിനെതിരെ പ്രതിഷേധമുയർത്തിയിട്ടുണ്ട്.
നിരോധനം ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്ന് മന്ത്രി കെ. രാജു. മൃഗസംരക്ഷണം സംസ്ഥാനത്തിെൻറ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് രാജ്യവ്യാപകമായി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ആർ.എസ്.എസിെൻറ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. നിർദേശം തീർത്തും ഭരണഘടനാവിരുദ്ധമാണ്.
സംസ്ഥാന സർക്കാറുകളുടെ അവകാശങ്ങൾക്കുമേലുള്ള കേന്ദ്ര സർക്കാറിെൻറ കടന്നുകയറ്റമാണിത്. മാംസാഹാരത്തിന് സമ്പൂർണ നിരോധനമേർപ്പെടുത്തുന്നതിന് തുല്യമാണ് ഈനീക്കം. നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. നിരോധനം അംഗീകരിക്കില്ലെന്ന് മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കി. അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് രാജ്യത്ത് വിഭജനമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ജി. സുധാകരന് പ്രതികരിച്ചു.
കശാപ്പ് നിയന്ത്രണം കേന്ദ്രസര്‍ക്കാറിെൻറ ജോലിയല്ല. ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷമുള്ള മോദി സര്‍ക്കാര്‍ നല്ലഭരണം കാഴ്ചവെക്കുന്നതിന് പകരം ജനങ്ങളുടെ അവകാശത്തിനുമേല്‍ കടന്നുകയറുകയാണ്. പുതിയ വിജ്ഞാപനം കന്നുകാലികളോടുള്ള സ്നേഹംകൊണ്ടല്ല. വിദ്വേഷ രാഷ്ട്രീയം ഉണ്ടാക്കുന്നതിെൻറ ഭാഗമാണ്. ഇത്തരം കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും സുധാകരന് പറഞ്ഞു.
നിരോധനം വർഗീയ ചേരിതിരിവ്
സൃഷ്ടിക്കാൻ –കോടിയേരി
തിരുവനന്തപുരം: രാജ്യത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് കന്നുകാലി കശാപ്പ് നിരോധിച്ച നടപടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യത്തിെൻറ സാമൂഹിക- സാമ്പത്തിക മണ്ഡലത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഉത്തരവ്. ഇതിന് പിന്നിൽ ആർ.എസ്.എസിെൻറ ഗൂഢാലോചനയുണ്ട്. രാജ്യത്തെ മുസ്ലിം മതവിശ്വാസികൾ റമദാൻ ആഘോഷങ്ങളെ വരവേൽക്കാനിരിക്കുമ്പോഴാണ് ഇങ്ങനെയൊരു ഉത്തരവ് വന്നത്. രാജ്യത്തെ കന്നുകാലി കർഷകരുടെ വരുമാനത്തിെൻറ പ്രധാനപങ്ക് മാംസ വിൽപനയിലൂടെ ലഭിക്കുന്നതാണ്. ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ഉപജീവനമാർഗം ഇല്ലാതാക്കപ്പെടുകയാണ്.
സംഘ്പരിവാർ പ്രചരിപ്പിക്കുന്നതുപോലെ കന്നുകാലിവധം നിരോധിക്കുന്നത് ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. കാർഷിക സമ്പദ്ഘടനയിൽ ഗുരുതരപ്രശ്നം സൃഷ്ടിക്കും. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ ബഹുജനം മുന്നോട്ടുവരണമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
ഫാഷിസം അടുക്കളയിലുമെത്തി ^സുധീരൻ
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ ഫാഷിസം അടുക്കളവരെ എത്തിയെന്ന് വി.എം. സുധീരൻ. മോദിഭരണത്തിന് കീഴിൽ മനുഷ്യജീവന് പുല്ലുവിലയാണ്. എന്നാൽ ആളെക്കൊല്ലുന്ന നായ്ക്കൾക്കും കന്നുകാലികൾക്കും പൊന്നുംവിലയാണ്.
ഭരണകൂട വർഗീയതയുടെ പ്രതീകമായ മോദിയുടെ ഭ്രാന്തൻ തീരുമാനം പിൻവലിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ജനം എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത്
മോദിയല്ല –എം.കെ. രാഘവൻ എം.പി
കോഴിക്കോട്: രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്ത് വിൽക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ നടപടി രാഷ്ട്രീയ-വർഗീയ ഫാഷിസവും ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് എം.കെ. രാഘവൻ എം.പി. ജനം എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് നരേന്ദ്ര മോദിയല്ല. ഇത് ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കശാപ്പാണ്.
കനത്ത തിരിച്ചടിയുണ്ടാക്കും ^മന്ത്രി തിലോത്തമൻ
ആലപ്പുഴ: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാർ നടപടി കർഷകമേഖലയിൽ കനത്ത തിരിച്ചടി സൃഷ്ടിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്ത് പ്രത്യേക അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തതയാണ് കേരളത്തിെൻറ ലക്ഷ്യം.
ഉത്തരവ് നടപ്പാക്കിയാൽ ആരും കന്നുകാലി വളർത്തൽ മേഖലയിലേക്ക് കടന്നുവരില്ല. പ്രശ്നങ്ങൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിച്ച് കർഷകരെ സഹായിക്കുന്ന നടപടികളിലേക്ക് കടക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.