കവരത്തി: ലക്ഷദ്വീപില്‍ കൂറ്റന്‍ ജയിൽ വരുന്നു. കവരത്തിയില്‍ ജില്ലാ ജയില്‍ നിര്‍മിക്കാനാണ് ഭരണകൂടത്തിന്‍റെ നീക്കം. ജയില്‍ നിര്‍മാണത്തിനായി 26 കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. കവരത്തി ദ്വീപിന്റെ തെക്കുഭാഗത്തായാണ് പുതിയ ജയില്‍ നിര്‍മിക്കുക. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയായാണ് ടെണ്ടര്‍ വിളിച്ചത്. നവംബര്‍ എട്ടാം തിയതിയാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി.ജയില്‍ നിര്‍മിക്കാനായി തെരഞ്ഞെടുത്തിട്ടുള്ള സ്ഥലത്തിന്റെ ഉടമകള്‍ പോലും ഇ- ടെണ്ടര്‍ വാര്‍ത്ത പുറത്തുവരുമ്പോള്‍ മാത്രമാണ് സംഭവം അറിയുന്നത്.
നിലവിൽ കവരത്തിയിലും ആന്ത്രോത്തിലും ചെറിയ ജയിലുകളുണ്ട്. മറ്റ് ദ്വീപുകളിലെ പൊലീസ് സ്റ്റേഷനുകളോട് ചേര്‍ന്നും ചെറിയ തടവറകളുണ്ട്. ഇവിടെ പോലും കുറ്റവാളികളില്ലാത്ത സ്ഥിതി നിലനില്‍ക്കുമ്പോഴാണ് പുതിയ നടപടിയുമായി ദ്വീപ് ഭരണകൂടം മുന്നോട്ടുപോകുന്നത്.
കഴിഞ്ഞദിവസം ദ്വീപിന് കേരള ജനത നൽകുന്ന പിന്തുണക്ക് നന്ദി അറിയിക്കാൻ സംവിധായികയും ലക്ഷദ്വീപ് സമരങ്ങളുടെ മുൻനിര പോരാളിയുമായ ഐഷ സുൽത്താന മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു. ലക്ഷദ്വീപ് ജനതയുടെ പോരാട്ടങ്ങൾക്ക് കേരളം ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി
ലക്ഷദ്വീപ് ജനതയുടെ അതിജീവന പോരാട്ടങ്ങൾക്ക് നൽകിവരുന്ന പിന്തുണ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി വാക്കുനൽകിയെന്ന് ഐഷ സുൽത്താന 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞിരുന്നു. സമരത്തിന്‍റെ ഇതുവരെയുള്ള പുരോഗതിയും നിലവിലെ അവസ്ഥയും ഐഷയുടെ പോരാട്ട വിശേഷങ്ങളും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.
'ലക്ഷദ്വീപിന് ആദ്യം പിന്തുണ അറിയിച്ചത് കേരള നിയമസഭയാണ്. കേരള ജനതയും പോരാട്ടത്തിൽ ഞങ്ങൾക്കൊപ്പം നിന്നു. ഈ ഐക്യദാർഢ്യത്തിന് നന്ദി അറിയിക്കാനാണ് ഞാൻ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ഇതിനുമുമ്പ് ഒന്നുരണ്ടു തവണ അദ്ദേഹത്തെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ദ്വീപിലെ മുഴുവൻ ജനങ്ങൾക്കുവേണ്ടി മുഖ്യമന്ത്രിയോട് നേരിട്ട് നന്ദി പറയാൻ കഴിഞ്ഞതിൽ അതിയായ സേന്താഷമുണ്ട്. സമരത്തിന്‍റെ കാര്യങ്ങൾ വിശദമായി അദ്ദേഹവുമായി സംസാരിച്ചു. എന്‍റെ കേസ് സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. എനിക്കെതിരായ എഫ്.ഐ.ആർ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. നിലവിൽ അന്വേഷണ ഏജൻസിയിൽ നിന്നു ബുദ്ധിമുട്ടിക്കുന്ന നടപടികളൊന്നും ഉണ്ടാകുന്നില്ല'- ഐഷ സുൽത്താന പറഞ്ഞു.
പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് ഡിസംബറില്‍ പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.
പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്.
നിലവിൽ ലക്ഷദ്വീപിൽ ലഗൂൺ വില്ല കെട്ടിപ്പൊക്കാനും ഭരണകൂടം ശ്രമിക്കുന്നുണ്ട്. ലക്ഷദ്വീപിൽ നോർവെ മാതൃകയിലുള്ള വികസനമാണ് ആവശ്യമെന്നാണ് തദ്ദേശീയർ ആവശ്യപ്പെടുന്നത്. നോർവെ സർക്കാർ അവിടുത്തെ മത്സ്യബന്ധന തൊഴിലാളികൾക്ക് വേണ്ടെതെല്ലാം ചെയ്തുകൊടുക്കുന്നു. അതുകാരണം മത്സ്യബന്ധനത്തിൽ ലോകത്ത് മുൻപന്തിയിലാണ് ആ രാജ്യം. അതുപോലെ നമുക്കും കഴിയും. എന്നാൽ, ലക്ഷദ്വീപിനെ അവിടുത്തെ ഭരണകുടം കോർപറേറ്റുകൾക്ക് തീറെഴുതികൊടുക്കുകയാണെന്ന് ആരോപണമുണ്ട്. 3000 ആളുകളുടെ തൊഴിലാണ് പുതിയ അഡ്മിനിസ്ട്രേറ്റർ ഇല്ലാതാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.