തിരുവനന്തപുരം: പട്ടികജാതി വിഭാഗക്കാരായ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശ്ശിക വരുത്താതെ വിതരണം ചെയ്യാൻ നടപടിയെടുക്കുമെന്ന് മന്ത്രി ഒ.ആർ. കേളു.
കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപക്ക് മുകളിലുള്ള പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കേന്ദ്ര സർക്കാർ പൂർണമായും റദ്ദാക്കിയപ്പോൾ സംസ്ഥാന സർക്കാർ വരുമാന പരിധിയില്ലാതെ നൽകി വരികയാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. പട്ടികജാതി വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങൾ 21-22 അധ്യയന വർഷം മുതൽ കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകണമെന്ന നിബന്ധന കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. എന്നാൽ ഇതു സംബന്ധിച്ച സാങ്കേതിക സഹായം നൽകാൻ കേന്ദ്ര സർക്കാർ കാലതാമസം വരുത്തിയ കാരണം സ്കോളർഷിപ്പ് കുടിശ്ശികയായി.
സാങ്കേതിക സഹായം ലഭ്യമായ ഉടൻ കുടിശ്ശിക തീർത്ത് വിതരണം ചെയ്തു. വിദ്യാർഥികൾ അപേക്ഷ സമർപ്പിക്കുന്നതിലും ഈ അപേക്ഷകൾ പരിശോധിച്ച് ഫോർവേഡ് ചെയ്യുന്നതിലും വന്ന കാലതാമസവും കുടിശ്ശിക വരുവാൻ കാരണമായെന്നും മാണി സി. കാപ്പൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി. 2024-25 വർഷം പട്ടികജാതി വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് ആനുകൂല്യങ്ങൾക്കായി 223 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ നിന്നും 46 കോടി രൂപ വിതരണം ചെയ്തു.
കുടിശ്ശിക വിതരണത്തിനായി അധിക ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിച്ച് വരുന്നതായും മന്ത്രി നിയമസഭയിലെ ചോദ്യത്തിന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.