കൊച്ചി: ജലവകുപ്പിൽ കനത്ത പ്രതിസന്ധിയെന്ന് പറയുമ്പോഴും സംസ്ഥാന സർക്കാർ എ.ഡി.ബിക്ക് (ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്) വിട്ടുകൊടുക്കുന്നത് ഏറ്റവും കുറഞ്ഞ ചെലവിൽ വെള്ളം ഉൽപാദിപ്പിക്കുന്ന യൂനിറ്റുകൾ. എ.ഡി.ബിയുടെ വായ്പ സഹായത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കേരള അർബൻ വാട്ടർ സർവിസ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ (കെ.യു.ഡബ്ല്യു.എസ്.ഐ.പി) പേരിലാണ് വാട്ടർ അതോറിറ്റിയിലെ ഏറ്റവും മികച്ച ഡിവിഷനുകളായ തിരുവനന്തപുരവും കൊച്ചിയും സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുന്നത്.
സംസ്ഥാനത്തെ ജലവിതരണ കേന്ദ്രം മെച്ചപ്പെടുത്താനെന്ന പേരിലാണ് എ.ഡി.ബിയുമായി 2511 കോടിയുടെ കരാർ ഉണ്ടാക്കിയത്. 1000 ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ 22.85 രൂപ ചെലവ് വരുമെന്നും 11.93 രൂപ നഷ്ടത്തിലാണ് വിൽക്കുന്നതെന്നുമായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി റോഷി അഗസ്റ്റിൻ വിശദീകരിച്ചത്. വാട്ടർ അതോറിറ്റിയുടെ തന്നെ രേഖകൾ പ്രകാരം 1000 ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ തിരുവനന്തപുരം സൗത്തിൽ 8.38 രൂപയും നോർത്തിൽ 11.51 രൂപയും കൊച്ചി ഡിവിഷനിൽ 13.29 രൂപയുമാണ് ചെലവ്.
ഈ കണക്കുകൾ പറയാതെയാണ് സേവന മേഖലയായ ജലവകുപ്പിന് സാമ്പത്തിക പിന്തുണയടക്കം നൽകേണ്ട സർക്കാർ ലാഭനഷ്ടക്കണക്ക് മാത്രം പുറത്തുവിട്ട് പ്രതിസന്ധിയെന്ന് വരുത്തിയത്. ഇത് ജലഅതോറിറ്റിയെ സ്വകാര്യവത്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് ജീവനക്കാർ തന്നെ പറയുന്നു.
പ്രതിവർഷം നൽകിയിരുന്ന 350 കോടി ഗ്രാന്റ് വെട്ടിക്കുറച്ചതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. 2022-23ൽ 356 കോടിയാണ് നോൺ പ്ലാൻ ഗ്രാന്റായി വാട്ടർ അതോറിറ്റിക്ക് നൽകേണ്ടത്. അതിൽ ഈ മാർച്ചിൽ 200 കോടിയോളം രൂപയാണ് കുടിശ്ശികയുള്ളത്. ഇതുവഴി വലിയ പ്രതിസന്ധിയിലാണ് ജല അതോറിറ്റിയെന്ന് സർക്കാർ വരുത്തിത്തീർക്കുകയായിരുന്നു. ജലനിധിക്ക് നൽകുന്നതുപോലെ വാട്ടർ അതോറിറ്റിക്കും വൈദ്യുതി നിരക്കിൽ സബ്സിഡി നൽകിയാൽ സാമ്പത്തിക ബാധ്യതയിൽനിന്ന് കരകയറാനാകും. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
വെള്ളക്കരം കുടിശ്ശികയായി സർക്കാർ സ്ഥാപനങ്ങളുൾപ്പെടെ നൽകാനുള്ളത് 1763 കോടിയാണ്. ഈ തുക പിരിച്ചെടുത്താൽ തന്നെ ഒരുവിധം പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുമെന്നാണ് ജീവനക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.