സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ. പ്രദീപ്, നരബലി കേസ് പ്രതി ഭഗവൽ സിങ്

ഭഗവല്‍ സിങ് സി.പി.എം സഹയാത്രികനെന്ന് ഏരിയ സെക്രട്ടറി; തിരുമ്മൽ കേന്ദ്രം പഞ്ചായത്ത് വക

പത്തനംതിട്ട: ഇലന്തൂർ നരബലി കേസിലെ പ്രതി ഭഗവല്‍ സിങ് പാര്‍ട്ടി സഹയാത്രികനായിരുന്നെന്ന് സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ. പ്രദീപ്. ചുമതലകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പാർട്ടി പരിപാടികളിൽ പങ്കെടുത്തിരുന്നതായി ഇദ്ദേഹം പറഞ്ഞു.

നാടിനെ ഞെട്ടിച്ച നരബലി നടന്ന ഭഗവൽ സിങ്ങിന്‍റെ തിരുമ്മ് ചികിത്സകേന്ദ്രം ഇലന്തൂർ പഞ്ചായത്താണ് പണിതുനൽകിയത്. സി.പി.എം പുളിന്തിട്ട ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ ഇയാൾ നാട്ടുകാർക്ക് സർവാദരണീയനായിരുന്നു. രണ്ടാഴ്ച മുമ്പും തങ്ങളുടെ വീട്ടിൽ സി.പി.എമ്മിന്റെ പാർട്ടി പിരിവിനായി വന്നതായി ഇയാളുടെ സ്കൂൾ സഹപാഠിയും അയൽവാസിയും കൂടിയായ എബ്രഹാം പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ സജീവ പ്രചാരകനായിരുന്നു. സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇടതുപാർട്ടികളുടെ പോസ്റ്ററുകളും ചിത്രങ്ങളും കാണാം. സമൂഹമാധ്യമങ്ങളിലും പൊതുയിടങ്ങളിലും പൊതുപരിപാടികളിലും നിരന്തരം പങ്കെടുത്തിരുന്നു.

അതേസമയം, ഭഗവല്‍ സിംഗ് സിപിഎം അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്നും ആരായാലും കര്‍ശന നടപടി ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നരബലി ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഗം. കര്‍ശന നിലപാട് വേണം. ഇന്ത്യയിലെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൂജ കഴിക്കുന്നു. മുതലാളിത്തത്തിന്റേയും ഫ്യൂഡല്‍ ജീര്‍ണതയുടെയും സങ്കരമാണ് ഇന്ത്യയില്‍ കാണുന്നത്. ഇതിനെതിരെ കര്‍ശന ബോധവല്‍ക്കരണം വേണം. നിയമനിര്‍മ്മാണം കൊണ്ട് മാത്രം ഇത്തരം അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യാനാകില്ല. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമ നിര്‍മാണത്തിന് സിപിഎമ്മിന് അനുകൂല നിലപാടാണുള്ളതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

ഒട‌ിവോ ചതവോ പറ്റിയാൽ പ്രദേശവാസികളുടെ വിശ്വസ്തനായ വൈദ്യൻ

ശരീരത്തിന് ഒട‌ിവോ ചതവോ പറ്റിയാൽ പ്രദേശവാസികളുടെ വിശ്വസ്തനായ വൈദ്യനായിരുന്നു ബാബു എന്നറിയപ്പെട്ട ഭഗവൽ സിങ്. പിതാവ് കടകമ്പള്ളിൽ വാസുവൈദ്യൻ അറിയപ്പെട്ട തിരുമ്മുചികിത്സ വിദഗ്ധനായിരുന്നു. പാരമ്പര്യമായാണ് ഇയാൾ ഈ മേഖലയിലെത്തിയത്. വീടിനോട് ചേർന്ന് ഷീറ്റിട്ട ഹാളിലാണ് ചികിത്സ നടന്നിരുന്നത്. നാട്ടുകാരിൽ മിക്കവരെയും ഇയാൾ ചികിത്സിച്ചിട്ടുണ്ട്.

വാസു വൈദ്യരും പാരമ്പര്യചികിത്സയിലൂടെ പ്രശസ്തനായിരുന്നു. വിശ്വസ്തതയും പൊതുരംഗത്തെ സ്വീകാര്യതയും മറയാക്കിയാണ് ഭഗവൽ സിങ് ദുർമന്ത്രവാദം നടത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇലന്തൂരിന് സമീപം കാരംവേലി-പുന്നക്കാട് റോഡിൽ പുളിന്തിട്ട ഭാഗത്ത് ചികിത്സാലയത്തിന് സമീപം ചെറിയ കാവും ഉണ്ടായിരുന്നു. തൊട്ടുപിന്നിൽ വീട് നിൽക്കുന്ന കാടും പടലും നിറഞ്ഞ പറമ്പുമുണ്ട്.

ഇവിടെയാണ് പത്മയെയും റോസ്ലിനെയും വെട്ടിനുറുക്കി കഷണങ്ങളാക്കി കുഴിച്ചിട്ടതെന്ന് കരുതുന്നു. ഇങ്ങനെയൊരു ക്രൂരകൃത്യം ഇയാൾ ചെയ്തുവെന്ന് വിശ്വസിക്കാൻ നാട്ടുകാർക്ക് കഴിയുന്നില്ല. പൊതുവെ ശാന്തനും നാട്ടുകാര്യങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നയാളായിരുന്നു ഭഗവൽ സിങ് എന്ന് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ജോസ് തോമസ് പറഞ്ഞു. ഒരിക്കൽപോലും സംശയത്തിന് ഇടനൽകിയിട്ടില്ലാത്ത പാരമ്പര്യ വൈദ്യനായിരുന്നു ഭഗവൽ സിങ് എന്ന് പഞ്ചായത്ത് അംഗം ഷിബു കാഞ്ഞിക്കൽ പറഞ്ഞു. രണ്ട് മക്കളാണ്. മകൾ വിദേശത്തും മകൻ ബംഗളൂരുവിലുമാണ്.

ഐശ്വര്യലബ്ധിക്കെന്ന പേരിലാണ് കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം (52), കാലടി മറ്റൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലി (49) എന്നിവരെ ഇലന്തൂരിൽ എത്തിച്ച് നരബലി നടത്തിയത്. വീടിനു സമീപത്തുനിന്നു 4 കുഴികളിലായാണു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. കൊലപാതകത്തിനു മുൻപു സ്ത്രീകൾ കൊടിയ പീഡനങ്ങൾക്ക് ഇരയായെന്നാണു പൊലീസ് വ്യക്തമാക്കിയിരുന്നു. ഭഗവൽ സിങ്ങിനും ലൈലയ്ക്കും കടബാധ്യതകളുണ്ടായിരുന്നുവെന്നും സാമ്പത്തിക അഭിവൃദ്ധിക്കായാണു നരബലി നടത്തിയതെന്നും മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. 

Tags:    
News Summary - Bhagwal Singh is CPM supporter says Area Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.