തിരുവനന്തപുരം: ചേർത്തുനിർത്തിയും ആവേശം വിതറിയും രാഹുൽ ഗാന്ധി. പൂക്കൾ വിതറിയും ഷാളണിയിച്ചും സ്നേഹോജ്വല വരവേല്പേകി നാട്. 'ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം' മുദ്രാവാക്യമുയര്‍ത്തി ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ആദ്യദിനം അവിസ്മരണീയം. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് പാറശ്ശാലയില്‍നിന്ന് രാഹുല്‍ ഗാന്ധിയെയും പദയാത്രികരെയും സ്വീകരിച്ചത്. കേരളത്തില്‍നിന്നുള്ള പദയാത്രികരും പാറശ്ശാലയിൽ യാത്രക്കൊപ്പം അണിചേർന്നു.
രാഹുലിനെ അണിയിക്കാന്‍ പൊന്നാടയുമായാണ് പലയിടങ്ങളിലും പ്രവർത്തകർ കാത്തുനിന്നത്. പാറശ്ശാലയില്‍നിന്ന് വേഗത്തില്‍ നടന്നുനീങ്ങിയ രാഹുല്‍ ഗാന്ധിയെയും മറ്റ് പദയാത്രികരെയും കേരളത്തിലെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും അനുഗമിച്ചു. വഴിയരുകിൽ കാത്തുനിന്നവർക്കെല്ലാം കൈവീശി അഭിവാദ്യം. അടുത്തെത്തിയ കുഞ്ഞുങ്ങളെ ചേർത്തുനിർത്തി. ഹസ്തദാനം ചെയ്യാനെത്തുന്നവർക്കൊപ്പം ഫോട്ടോയുമെടുത്തു. പ്രസംഗങ്ങളില്ലാതെ എല്ലാവരെയും കേട്ടാണ് രാഹുലിന്റെ യാത്ര. കോൺഗ്രസ് നേതാക്കളുടെ വലിയനിര യാത്രയിൽ അണിനിരന്നത് അണികൾക്കും വലിയആവേശമായിരുന്നു. പാന്റും ടീ ഷർട്ടുമായിരുന്നു രാഹുൽ ഗാന്ധിയുടെ വേഷം. മറ്റുള്ളവർ മുണ്ടും ഷർട്ടും, കുർത്തയും പൈജാമയും.
ഉച്ചഭക്ഷണത്തിനുശേഷം നെയ്യാറ്റിന്‍കരയിലെ പരമ്പരാഗത കൈത്തറി നെയ്ത്ത് തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി സംവദിച്ചു. തൊഴിലാളികള്‍ അവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ നിരത്തി. ഉച്ചകഴിഞ്ഞ് നാലരയോടെ മൂന്നുകല്ലിന്മൂട് നിന്ന് യാത്ര തുടങ്ങിയപ്പോഴും ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അനുഗമിച്ചത്. രാത്രിയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും ആളുകളെ നിയന്ത്രിക്കാൻ പൊലീസ് വടംകെട്ടിയിരുന്നു. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധവും ഗതാഗത തടസ്സം സൃഷ്ടിക്കാത്തവിധവുമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30ന് സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.