ഭാരത് ജോഡോ യാത്ര നാളെ കേരളത്തില്‍

തിരുവനന്തപുരം: 'ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം' മുദ്രാവാക്യമുയര്‍ത്തി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തില്‍ പ്രവേശിക്കും. പദയാത്രയെ സ്വീകരിക്കാൻ എല്ലാ ഒരുക്കവും പൂര്‍ത്തിയായി.

ഞായറാഴ്ച രാത്രിയോടെ യാത്ര കേരള അതിര്‍ത്തിയായ പാറശ്ശാല ചേരുവരകോണത്തെത്തും. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശ്ശാലയില്‍നിന്ന് രാഹുല്‍ ഗാന്ധിയെയും പദയാത്രികരെയും സ്വീകരിക്കും. കേരളത്തില്‍നിന്നുള്ള പദയാത്രികരും യാത്രക്കൊപ്പം അണിചേരും. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30ന് സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.

കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെ ദേശീയപാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര.

ഇതര ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ ഏഴ് മുതല്‍ 11 വരെയും വൈകീട്ട് നാല് മുതല്‍ ഏഴുവരെയുമാണ് യാത്രയുടെ സമയക്രമം.

ഇതിനിടയില്‍ തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.

Tags:    
News Summary - Bharat Jodo Yatra tomorrow in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.