മോദിയെ വിമര്‍ശിക്കുമ്പോള്‍ സി.പി.എം നേതാക്കൾ അസ്വസ്ഥരാകുന്നത്​ എന്തിന്​?​; യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത് എ.കെ.ജി സെന്‍ററല്ലെന്ന് സതീശൻ

തിരുവനന്തപുരം: മോദിയെയും ഫാഷിസത്തെയും വര്‍ഗീയതയെയും കോൺഗ്രസ്​ വിമര്‍ശിക്കുമ്പോള്‍ സി.പി.എം നേതാക്കള്‍ എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന്​ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക്​ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യാത്രയെ വിമര്‍ശിക്കില്ലെന്ന്​ ആദ്യം പറഞ്ഞ സി.പി.എം സെക്രട്ടറി ഇപ്പോള്‍ മാറ്റിപ്പറയുകയാണ്.

ഭാരത് ജോഡോ യാത്ര നടത്തുന്നത് സി.പി.എമ്മിന് എതിരെയല്ല. പിണറായിയോ സി.പി.എമ്മോ ജാഥയുടെ അജണ്ടയിലില്ല. യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത് എ.കെ.ജി സെന്ററല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കണ്ടെയ്‌നറില്‍ താമസിക്കുന്നതില്‍ സി.പി.എമ്മിന് എന്താണ് പ്രശ്‌നം? സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഭാരത് ജോഡോ യാത്രയെ അഭിവാദ്യം ചെയ്യുന്നത്. അതാണോ ഇവരെ അസ്വസ്ഥരാക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തിൽ പറഞ്ഞു.

തെരുവുനായ്​ ശല്യം സംബന്ധിച്ച വിഷയം പ്രതിപക്ഷം കൊണ്ടുവന്നപ്പോള്‍ പേപ്പട്ടിയുടെ കാര്യമാണോ നിയമസഭയില്‍ സംസാരിക്കുന്നതെന്നായിരുന്നു മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പരിഹാസം. കേരളത്തെയാകെ ഭീതിപ്പെടുത്തുന്ന പ്രശ്‌നമാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. എന്നിട്ടും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

വിഴിഞ്ഞത്തെ തീരശോഷണവും മുതപ്പൊഴിയിലെ അപകടക്കെണിയും തെരുവുനായ്​ ശല്യവും ഉള്‍പ്പെടെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ് പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയത്. സർക്കാർ നല്‍കിയ മറുപടികളെല്ലാം കടലാസില്‍ ഒതുങ്ങുകയാണ്. ഒന്നരവർഷത്തെ ഭരണത്തിൽ പൂര്‍ത്തിയാക്കിയ ഒരു പദ്ധതിയും മുന്നോട്ടുവെക്കാനില്ല.

വിദേശയാത്രയിലൂടെ 300 കോടിയുടെ വികസനം വന്നെന്ന അവകാശവാദം തെറ്റാണ്. കിഫ്ബി ബോണ്ട് വില്‍പന മാത്രമാണ് വിദേശയാത്രയിലൂടെ ഇതുവരെ നടന്നത്. യു.എ.ഇയില്‍ പോയി വന്നപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികളിൽ ഒന്നുപോലും നടപ്പായിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Bharat Jodo Yatra: VD Satheesan criticize CPM Stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.