കുമ്പള: ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതികൾ ധാരണയോടെ പങ്കിട്ടെടുത്ത സി.പി.എം - ബി.ജെ.പി കൂട്ടുകെട്ട് മേഖലയിൽ സൃഷ്ടിക്കാൻ പോകുന്നത് വലിയ പ്രതിസന്ധി. ഇരു പാർട്ടികൾക്കകത്തും പുകഞ്ഞു കൊണ്ടിരുന്ന പ്രശ്നങ്ങൾ ബി.ജെ.പിക്കകത്ത് ആളിക്കത്താൻ തുടങ്ങിയതോടെ ഏത് വിധത്തിലാകും ഈ പ്രതിസന്ധികളെ പാർട്ടികൾ കൈകാര്യം ചെയ്യുകയെന്ന് കൗതുകത്തോടെ നോക്കുകയാണ് ജനങ്ങൾ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയ രംഗത്ത് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു കുമ്പളയിലെ അവിശുദ്ധ കൂട്ടുകെട്ട്.
ബി.ജെ.പി പ്രവർത്തകനായിരുന്ന കോയിപ്പാടിയിലെ വിനുവിനെ കുത്തിക്കൊന്ന കേസിലെ പ്രതി കൂടിയായ സി.പി.എം അംഗത്തെ ബി.ജെ.പി എങ്ങനെ പിന്തുണച്ചു എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. 23 അംഗങ്ങളുള്ള കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫും ബി.ജെ.പിയും ഒമ്പതു വീതം സീറ്റുകളാണ് നേടിയിരുന്നത്. പത്തൊമ്പതാം വാർഡിൽ നിന്ന് ലീഗ് വിമത സ്ഥാനാർഥിയായി ജയിച്ച കൗലത്ത് ബീവിയുടെയും ഒന്നാം വാർഡിൽ നിന്ന് ജയിച്ച എസ്.ഡി.പി ഐയിലെ അൻവർ ഹുസൈനെറയും പിന്തുണ ലഭിച്ചതോടെ യു.ഡി.എഫിന് 11 പേരായി.
പ്രസിഡന്റ് , വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സി.പി.എം അംഗം കൊഗ്ഗുവും മറ്റു രണ്ട് ഇടതു സ്വതന്ത്രരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭരണത്തുടർച്ച ലഭിക്കാൻ ഇടയാക്കി. എന്നാൽ സ്ഥിരംസമിതി ചെയർമാൻമാരെ തെരഞ്ഞെടുക്കുമ്പോഴും സി.പി.എം ഈ സമദൂര സിദ്ധാന്തം തുടരുമെന്നാണ് ഇരു മുന്നണികളിലെയും പ്രവർത്തകർ പ്രതീക്ഷിച്ചത്.
ഇത് മുന്നിൽ കണ്ട് ബി.ജെ.പി ക്ക് ഒറ്റ പദവി പോലും ലഭിക്കാത്ത തരത്തിൽ ഓരോ സ്ഥിരംസമിതിയിലും സി.പി.എം അംഗങ്ങൾ ഉൾപ്പെടെയുള്ള ബി.ജെ.പി ഇതര അംഗങ്ങളെ ഉൾപ്പെടുത്തി സമവായത്തിന് ലീഗ് ശ്രമിച്ചിരുന്നു. എന്നാൽ, ഒരു സ്ഥിരംസമിതി ചെയർമാൻ പദവി പകരം സി.പി.എം ആവശ്യപ്പെട്ടു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തങ്ങളെ പിന്തുണക്കാത്തതിനാൽ ചെയർമാൻ പദവി ലഭിക്കാൻ സഹായിക്കാനാവില്ലെന്ന് പറഞ്ഞ് ലീഗ് അത് നിരാകരിച്ചു. ഇതോടെ ഏതാനും പ്രാദേശിക നേതാക്കളുടെ അറിവോടെ സി. പി.എം അംഗം ഇതേ ആവശ്യവുമായി ബി.ജെ.പി യെ സമീപിക്കുകയായിരുന്നു. ബി.ജെ.പി അംഗങ്ങൾ അത് അംഗീകരിക്കുകയും ചെയ്തു.
ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ബി.ജെ.പിയിലെ എൻ. പ്രേമലത, പ്രേമാവതി എന്നിവരെ സി.പി.എം പിന്തുണയോടെ സ്ഥിരംസമിതി അധ്യക്ഷൻമാരാക്കിയത്.
സി.പി.എം അംഗമായ കൊഗ്ഗുവിനെ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെയും അധ്യക്ഷനാക്കി. കൊഗ്ഗു ക്ഷേമകാര്യവും, പ്രേമാവതി ആരോഗ്യ- വിദ്യാഭ്യാസവും എൻ. പ്രേമലത വികസന സമതി അധ്യക്ഷ പദവിയും നേടിയെടുത്തു. അന്നു മുതൽ തന്നെ ബി.ജെ.പി ക്കകത്ത് മുറുമുറുപ്പുണ്ടായിരുന്നു. ക്രമേണ ഇത് വ്യാപകമാവുകയും ഈ പദവികൾ ഒഴിയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കുമ്പള പഞ്ചായത്ത് കമ്മിറ്റിയിൽ ഉൾപ്പെട്ട ചിലരുടെ നേതൃത്വത്തിൽ മണ്ഡലം മുതൽ സംസ്ഥാന നേതൃത്വം വരെയുളളവർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
ഒരു വർഷം മുമ്പ്, കൊല്ലപ്പെട്ട വിനുവിെൻറ ബലിദാന ദിനാചരണത്തോടനുബന്ധിച്ച് ഒത്തുചേർന്ന പ്രവർത്തകർ കുമ്പളയിലെ ബി.ജെ.പി ഓഫിസിന് പൂട്ടിട്ടു. നേതാക്കളുടെ ഇടപെടലുകളുടെയും ചില ഉറപ്പുകളുടെയും അടിസ്ഥാനത്തിലാണ് പിന്നീട് ഓഫിസ് തുറന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി പ്രവർത്തകർ മഞ്ചേശ്വരം സ്ഥാനാർഥി കൂടിയായ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ കണ്ട് പരാതി ബോധിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും വിഷയം ഇപ്പോൾ ചർച്ച ചെയ്യുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും പറഞ്ഞ് അദ്ദേഹവും അന്നത്തെ ജില്ല പ്രസി. അഡ്വ. കെ. ശ്രീകാന്തും തങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നതായി ബി.ജെ.പി പ്രവർത്തകർ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പഞ്ചായത്തിലെ അധികാരക്കസേരകളിൽ നേതാക്കൾ തുടരുന്നതും വിനു വധക്കേസിൽ കൊഗ്ഗു കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി തടവുശിക്ഷ വിധിച്ചതും പ്രതിഷേധത്തിന് ആക്കം കൂട്ടി.
പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി നേരത്തെ പാർട്ടി നേതൃത്വം ബി.ജെ.പി അംഗങ്ങളോട് സ്ഥിരംസമിതി പദവികൾ ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. സ്ഥിരംസമിതി അധ്യക്ഷ പദവി മാത്രം ഒഴിവാക്കാനാവില്ലെന്നും നിർബന്ധിച്ചാൽ പഞ്ചായത്ത് അംഗത്വം ഉൾപ്പെടെ രാജി വെക്കുമെന്നുമായിരുന്നു ഇവരുടെ പ്രതികരണം.
ഞായറാഴ്ച ജില്ലയിലെത്തുന്ന സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ഉപരോധിക്കാനാണ് പ്രവർത്തകർ പദ്ധതിയിട്ടിരുന്നത്. ഈ പദ്ധതി ചോർന്നതാവാം സുരേന്ദ്രൻ കണ്ണൂരിൽ നിന്ന് മടങ്ങാൻ കാരണമെന്ന് പ്രവർത്തകർ കരുതുന്നു. പ്രസിഡൻറ് കാസർകോട്ടേക്കില്ല എന്നറിഞ്ഞതോടെയാണ് പ്രതിഷേധം ജില്ല ഓഫീസിന് പൂട്ടിടുന്ന നിലയിലെത്തിയത്.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നേതാക്കൾ നന്നേ വിയർക്കേണ്ടി വരുമെന്നാണ് പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം കുമ്പളയിലെ പാർട്ടിയുടെ ഉന്നത നേതാവ് വീട് വച്ചതും അണികൾ ചർച്ച ചെയ്യുന്നുണ്ട്. നിർമ്മാണച്ചെലവുകളുമായി ബന്ധപ്പെട്ട അന്വേഷണം വേണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.