'കോടികൾ ആറു ചാക്കുകളിലാക്കി തൃശൂരിലെ ബി.ജെ.പി ഓഫീസിൽ എത്തിച്ചു'; കൊടകര കുഴൽപ്പണക്കേസിൽ വൻ വെളിപ്പെടുത്തൽ

തൃശൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയ കൊടകര കുഴൽപണക്കേസിൽ വൻ വെളിപ്പെടുത്തൽ. അത് പാർട്ടി ഫണ്ട് തന്നെയായിരുന്നുവെന്നും തൃശൂരിലെ ഓഫീസിൽ പണമെത്തിച്ചിരുന്നെന്നും ബി.ജെ.പി തൃശൂർ ജില്ല ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ആറു ചാക്കുകളിലാക്കിയാണ് പണമെത്തിച്ചത്. ആദ്യം തെരഞ്ഞെടുപ്പ് സാമഗ്രികളാണെന്നാണ് കരുതിയതെന്നും എന്നാൽ ഓഫീസിൽ എത്തിച്ചപ്പോഴാണ് പണമാണെന്ന് മനസിലായതെന്നും സതീഷ് പറയുന്നു. ധർമരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെ നിന്നാണ് കൊണ്ടുവന്നതെന്ന് അറിയില്ല. തൃശൂരിലേക്ക് ആവശ്യമുള്ള പണം നൽകിയ ശേഷം ബാക്കി അവിടെ നിന്നും കൊണ്ടുപോകുകയായിരുന്നുവെന്ന് സതീഷ് പറഞ്ഞു. പാർട്ടി നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണെന്നും ജില്ല ഭാരവാഹികളാണ് പണം കൈകാര്യം ചെയ്തിരുന്നതെന്നും സതീശ് പറഞ്ഞു.

കൊടകര കുഴൽപണ കേസ്

2021 ഏപ്രിൽ മൂന്നിന്​ പുലർച്ചെ തൃശൂർ കൊടകരക്കടുത്ത്​ വാഹനാപകടം സൃഷ്ടിച്ച്​ മൂന്നര കോടിയോളം രൂപ തട്ടിയെടുത്തതാണ്​ കൊടകര കുഴൽപണ കേസ്​. വാഹനത്തിന്‍റെ ഡ്രൈവർ ജംഷീർ ഏപ്രിൽ ഏഴിന്​ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന്​ കാണിച്ച്​ പൊലീസിൽ പരാതി നൽകിയപ്പോഴാണ്​ നടന്നത്​ വാഹനാപകടമല്ലെന്നും പണം തട്ടിയെടുക്കാൻ സൃഷ്ടിച്ച അപകടമാണെന്നും പുറത്തറിഞ്ഞത്​.

അതിനുശേഷമാണ് കാസർകോട്ടെ ആർ.എസ്​.എസ്​ പ്രവർത്തകനായിരുന്ന ധർമരാജൻ പണം നഷ്ടപ്പെട്ടെന്നും അത്​ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ ഫണ്ടിലേക്ക്​ വന്നതാണെന്നും വെളിപ്പെടുത്തിയത്. പൊലീസ്​ കേസെടുത്ത്​ അന്വേഷണം നടത്തിയപ്പോൾ നഷ്ടപ്പെട്ടത്​ 25 ലക്ഷമല്ല, മൂന്നര കോടിയോളം രൂപയാണെന്ന്​ വ്യക്തമായി. 25 പേരെ അറസ്റ്റ്​ ചെയ്യുകയും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രനും ഇപ്പോൾ വെളിപ്പെടുത്തലുമായി വന്ന തിരൂർ സതീഷും ഉൾപ്പെടെ 19 പേരെ സാക്ഷികളാക്കുകയും ചെയ്തു.

ഒന്നര കോടിയോളം രൂപ വീണ്ടെടുത്തു. ഇഴഞ്ഞുനീങ്ങിയ നടപടികൾക്കുശേഷം പൊലീസ്​ ചാലക്കുടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അതിൽ വിചാരണ തുടങ്ങിയിട്ടില്ല. സംസ്ഥാന പൊലീസ്​ ഈ കേസ്​ ഇ.ഡിക്ക്​ കൈമാറിയെങ്കിലും അതിലും വേണ്ടത്ര അന്വേഷണം നടന്നിട്ടില്ല. അറസ്റ്റിലായവരെല്ലാം ഇതിനിടെ​ ജാമ്യത്തിലിറങ്ങി.


Tags:    
News Summary - Big revelation in kodakara hawala case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.