ചിറ്റാർ: പൊലീസ് ബഹുമതിയോടെയുള്ള ശവസംസ്കാരം വി.ഐ.പികൾക്കുള്ളതാണ്. സാധാരണക്കാർക്ക് അപ്രാപ്യവും. എന്നാൽ, പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മേഖലയായ സീതത്തോട്, ചിറ്റാർ പഞ്ചായത്തിലുള്ളവർ മരിച്ചാൽ ആ വലിയ ബഹുമതി തേടിയെത്തും.
മൃതദേഹം മണിയാർ ആംഡ് പൊലീസ് ക്യാമ്പിന് മുന്നിലൂടെ പോകുന്ന മൃതദേഹത്തിനാണ് ഇൗ ഭാഗ്യം. സംസ്ഥാനത്ത് മറ്റൊരു പൊലീസ് ക്യാമ്പിന് മുന്നിലും കിട്ടാത്ത ആദരവാണ് മണിയാർ പൊലീസ് ക്യാമ്പിന് മുന്നിൽനിന്ന് ലഭിക്കുന്നത്.
പൊലീസ് ക്യാമ്പുകളിൽ ആയുധങ്ങൾ സൂക്ഷിക്കുന്ന ഡ്യൂട്ടി ഓഫിസിനുമുന്നിലൂടെ മൃതദേഹം കൊണ്ടുപോയാൽ പ്രസൻറ് ആം എന്ന ബഹുമതി നിർബന്ധമായും നൽകണമെന്നാണ് ചട്ടം.
സംസ്ഥാനത്ത് മറ്റെല്ലാ ക്യാമ്പുകളിലും ആയുധപ്പുര ഉൾഭാഗത്താണ്. എന്നാൽ, മണിയാറിൽ വടശ്ശേരിക്കര-ചിറ്റാർ റോഡരികിലാണെന്നതാണ് പ്രത്യേകത. സംസ്കാരച്ചടങ്ങുകളുടെ ചിത്രമെടുത്ത് സൂക്ഷിക്കുന്ന കുടുംബങ്ങളെല്ലാം ആൽബത്തിലെ ഒരു ചിത്രം മണിയാറിലെ പ്രസൻറ് ആമിേൻറതാണ്.
പ്രസൻറ് ആം അത്ര ചെറിയ ബഹുമതിയല്ല. ജീവിച്ചിരിക്കുന്നവരിൽ എസ്.പി റാങ്കിലും അതിനുമുകളിലുള്ളവർ ഡ്യൂട്ടി ഓഫിസിനു മുന്നിലെത്തുമ്പോഴാണ് പ്രസൻറ് ആം നൽകുന്നത്.
ഡി.ഐ.ജി റാങ്കിന് മുകളിലുള്ളവർ എത്തിയാലേ ബ്യൂഗിൾ മുഴക്കൂ. ആകാശത്തേക്കു വെടി ഒഴികെ എല്ലാ ചടങ്ങുകളുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.