​'ബിഗ് സല്യൂട്ട്'; മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയ സുരേഷ് ഗോപിയെ പിന്തുണച്ച് കാരാട്ട് റസാഖ്

കോഴിക്കോട്: മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയ സുരേഷ് ഗോപിയെ പിന്തുണച്ച് മുൻ കൊടുവള്ളി എം.എൽ.എയും സി.പി.എം സഹയാത്രികനുമായ കാരാട്ട് റസാഖ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിക്ക് പിന്തുണയുമായി കാരാട്ട് റസാഖ് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ത്യശൂരിൽ വെച്ച് വഴി തടഞ്ഞ് ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകർക്കെതിരെ സുരേഷ് ഗോപി സ്വീകരിച്ച നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതല്ലെങ്കിലും എല്ലാത്തിൻ്റേയും അന്തിമ വിധികർത്താക്കൾ ഞങ്ങളാണെന്ന മാധ്യമ പ്രവർത്തകരുടെ നിലപാട് അംഗീകരിച്ച് നൽകാവുന്നതല്ലെന്ന് കാരാട്ട് റസാഖ് പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്. സുരേഷ് ഗോപിക്ക് സല്യൂട്ട് നൽകുകയാണെന്നും കാരാട്ട് റസാഖ് ഫേസ്ബുക്കിൽ കുറിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച ചോദ്യങ്ങളോട് ക്ഷുഭിതനായാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ‘എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് പറഞ്ഞാണ് മന്ത്രി മാധ്യമങ്ങളുടെ നേരെ തിരിഞ്ഞത്. മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ അദ്ദേഹം മൈക്കും തട്ടിക്കളഞ്ഞു. ജനങ്ങൾക്കറിയാനുള്ള ചോദ്യമാണ് തങ്ങൾ ഉന്നയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ‘സൗകര്യമില്ല’ എന്നായിരുന്നു മറുപടി. തുടർന്ന് കാറിൽ കയറി വാതിലടച്ചു.

മുകേഷ് എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖ നടന്മാർക്കെതിരെ ഉ‍യർന്ന് വരുന്ന ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ‘ഒരു വലിയ സംവിധാനത്തെ തകിടം മറിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇത് നിങ്ങളുടെ തീറ്റയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇതുവെച്ച് നിങ്ങൾ ക്യാഷുണ്ടാക്കിക്കോളൂ. കുഴപ്പമില്ല’ എന്നും സുരേഷ് ഗോപി ക്ഷുഭിതനായി പറഞ്ഞിരുന്നു.


Full View


Tags:    
News Summary - ​'Big Salute'; Karat Razak supports Suresh Gopi who grabbed journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.