തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്നും അതിൽ മുന്നോട്ടോ പിന്നോട്ടോ ഇല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു വട്ടം പറഞ്ഞാലും പലവട്ടം പറഞ്ഞാലും നിലപാട് നിലപാടാണ്. എ.ഡി.ജി.പി എന്തിന് ഊഴമിട്ട് ആർ.എസ്.എസ് നേതാക്കളെ നടന്നുകാണുന്നു. അതറിയാൻ കേരളത്തിലെ ജനങ്ങൾക്ക് ബാധ്യതയുണ്ട്. ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പിക്ക് ഇത്തരം കൂടിക്കാഴ്ച നടത്തുന്നതിന്റെ അടിസ്ഥാനമെന്താണ്. അൽപം കൂടി സമയം വേണമെങ്കിൽ എടുത്തുകൊള്ളട്ടെ. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാൽ അതു മാനിക്കാൻ തങ്ങൾക്ക് രാഷ്ട്രീയ ബോധ്യമുണ്ട്. അതിനർഥം അനന്തമായി നീണ്ടുപോകണം എന്നല്ല. അന്വേഷണം നടക്കുമ്പോൾ എ.ഡി.ജി.പി സ്ഥാനത്ത് അജിത്കുമാർ തുടരുന്നതിന്റെ യുക്തി താനല്ല പറയേണ്ടതെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: ആരെങ്കിലും കൈ ഞൊടിച്ച് മാടിവിളിച്ചാൽ പോകാൻ നിൽക്കുന്ന പാർട്ടിയല്ല സി.പി.ഐ എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചുള്ള എം.എം. ഹസന്റെ പരാമർശത്തോടായിരുന്നു പ്രതികരണം. ഹസൻ യു.ഡി.എഫിലെ കാര്യങ്ങൾ നോക്കി നടത്തിയാൽ മതി. വേറെ ചിന്തിച്ച് തല പുണ്ണാക്കേണ്ട. എൽ.ഡി.എഫിലെ നിലപാടിലെ ഏറ്റവും കരുത്തുറ്റ ഭാഗമാണ് സി.പി.ഐ. എൽ.ഡി.എഫ് രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയാണ് സി.പി.ഐ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു.
തിരുവനന്തപുരം: എ.ഡി.ജി.പി അജിത്കുമാറിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതോടെ എല്‍.ഡി.എഫിലെ ഘടകകക്ഷികളെക്കാള്‍ സ്വാധീനം ആര്.എസ്.എസിനാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.ഐയെക്കാള്‍ സ്വാധീനം ആര്.എസ്.എസിനാണെന്നു വ്യക്തമായതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.